സമനില തെറ്റാതെ കേരളം
മഡ്ഗാവ്: പഞ്ചാബിനെതിരായ സന്തോഷ് ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു അവേശ സമനില. രണ്ടു ഗോളിനു പിന്നില്‍ നിന്ന ശേഷം അവസാന നിമിഷം വര്‍ധിത വീര്യവുമായി രണ്ടു ഗോളുകള്‍ മടക്കി കേരളം 2-2നു മത്സരം ഒപ്പമെത്തിച്ച് പ്രതീക്ഷ നിലനിര്‍ത്തി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് മറുപടിയില്ലാത്ത ഒറ്റ ഗോളിനു മഹാരാഷ്ട്രയെ വീഴ്ത്തി ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി.
അവസാന നിമിഷം വരെ കേരളം രണ്ടു ഗോളുകള്‍ക്ക് പിന്നിലായിരുന്നു. എന്നാല്‍ കളിയുടെ 89, 93 മിനുട്ടുകളില്‍ മുഹമ്മദ് പാറക്കോട്ടില്‍ നേടിയ ഇരട്ട ഗോളുകള്‍ കളിയുടെ ഗതിയും കേരളത്തിന്റെ വിധിയും മാറ്റിയെഴുതുകയായിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും വല ചലിപ്പിക്കാതിരുന്നപ്പോള് 49ാം മിനുട്ടില്‍ കേരള താരം ഷെറിന് സാമിന്റെ സെല്‍ഫ് ഗോള്‍ പഞ്ചാബിനു ലീഡ് സമ്മാനിച്ചു. 56ാം മിനുട്ടില്‍ മന്‍വീര്‍ സിങിലൂടെ പഞ്ചാബ് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ഗോള്‍ വഴങ്ങിയതോടെ കേരളം പോരാട്ടം കടുപ്പിക്കുകയായിരുന്നു.
സമനില പിടിച്ച് മുന്നോട്ടുള്ള പ്രതീക്ഷകള്‍ കാത്ത കേരളം ഗ്രൂപ്പ് ബിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ രണ്ടാമത്. രണ്ടു സമനിലയും ഒരു ജയവുമുള്ള പഞ്ചാബ് അഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നാളെ മിസോറമിനെതിരെയാണു കേരളത്തിന്റെ അടുത്ത പോരാട്ടം.
പത്തു പേരുമായി ചുരുങ്ങിയ റെയില്‍വേസ്, മഹാരാഷ്ട്ര താരം അഭിഷേക് അംബേകര്‍ ദാനമായി നല്കിയ സെല്‍ഫ് ഗോളിലാണു വിജയം പിടിച്ചത്. കളിയുടെ 33ാം മിനുട്ടിലാണു മഹാരാഷ്ട്ര സ്വന്തം പിഴവില്‍ ഗോള്‍ വഴങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ റെയില്‍വേസ് വിജയത്തോടെ മൂന്നു പോയിന്റുകള്‍ നേടി. മഹാരാഷ്ട്രയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."