മലയോര മേഖലയിലെ കൈവശ കര്‍ഷകരെ കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
മുക്കം: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ച് കൃഷി ചെയ്തുവരുന്ന കൃഷിക്കാരെ ഒരു കാരണവശാലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഇതു സംബന്ധിച്ച് നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഹരിച്ച് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അറിയിച്ചു.
തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ മുത്തപ്പന്‍പുഴ, കുണ്ടന്‍തോട് പ്രദേശങ്ങളിലെ കൃഷിക്കാരുടെ കൈവശഭൂമി വനം വകുപ്പ് അധികൃതര്‍ അളന്ന് മാര്‍ക്ക് ചെയ്തുവരികയാണ്. 1977ന് മുന്‍പ് പട്ടയം ലഭിച്ച ഭൂമി വനഭൂമിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സര്‍വേ നടപടികളും ജണ്ട കെട്ടലും ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ സര്‍വേ നടപടികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 1976ല്‍ യു.ഡി.എഫ് ഭരണകാലത്താണ് ഇത്തരം കര്‍ഷകദ്രോഹ നടപടികള്‍ തുടങ്ങിയതെന്നും എന്നാല്‍ ഇത് മറച്ചുവച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇപ്പോള്‍ എം.ഐ ഷാനവാസ് എം.പിയും യു.ഡി.എഫ് നേതാക്കളും സര്‍വേക്കെതിരെ രംഗത്തു വന്നിരിക്കുകയാണന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം രാഷ്ട്രീയ വിവാദമായതോടെയാണ് പ്രശ്‌ന പരിഹാരത്തിന് ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
പുതുപ്പാടി പഞ്ചായത്തിലെ 18 ഓളം സര്‍വേ നമ്പറുകളിലായി 3000ത്തിലധികം ഏക്കര്‍ സ്ഥലം ക്രയവിക്രയം ചെയ്യാനോ പണയപ്പെടുത്താനോ വീട് ഉള്‍പ്പെടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ പാടില്ലെന്ന് കോഴിക്കോട് സബ് കോടതി ഇഞ്ചക്ഷന്‍ ഉത്തരവിറക്കിയിരുന്നു. അബ്ദുല്‍ അഷ്‌റഫ് എന്നയാള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ ഉത്തരവ് സമ്പാദിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യത്തിലും പരിഹാരമുണ്ടാക്കണമെന്ന് സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അഡ്വക്കറ്റ് ജനറലിനെ പ്രത്യേകം ചുമതലപ്പെടുത്തി കര്‍ഷകരുടെ ഭയാശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അവര്‍ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി പി. മോഹനന്‍, സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസ് എം.എല്‍.എ, ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥന്‍, മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും കര്‍ഷകര്‍ ആശങ്കപെടേണ്ടെന്നും ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."