അശാസ്ത്രീയ കാന നിര്‍മാണമെന്നു പരാതി: വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടം
ചെറുതുരുത്തി : പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിന്റെ അശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ തുടര്‍ന്നു ചെറുതുരുത്തി പൈങ്കുളം ചേലക്കര റൂട്ടിലെ പോസ്റ്റ് ഓഫീസിനു സമീപം വ്യാപാരികള്‍ ദുരിതക്കയത്തില്‍. കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. ചെറുതുരുത്തി സ്വദേശികളായ മുരുകേശന്റെ ടെക്സ്റ്റയില്‍ ഷോറൂമിലും രവികുമാറിനു കണ്‍സ്ട്രക്ഷന്‍ എന്‍ജീനിയറിങ് ഓഫീസിലുമാണു വെള്ളവും ചെളിയും കയറിയത്. തുണികളും കംപ്യൂട്ടര്‍ , പ്രിന്റര്‍ എന്നിവയും നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം പ്രദേശത്തു കാനനിര്‍മ്മാണം നടന്നിരുന്നു. അന്നു തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്നു ആരോപിച്ചു വ്യാപാരികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇതു തള്ളി കളഞ്ഞ അധികൃതര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥലം വിടുകയായിരുന്നുവത്രെ. തങ്ങള്‍ക്കു നഷ്ട പരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ടു വ്യാപാരികള്‍ അധികൃതര്‍ക്കു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."