രാത്രിയാത്ര നിരോധനം; ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും
കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിനായി ഊര്‍ജിതമായ ശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവ് പ്രവര്‍ത്തകരുമായി നിയമസഭാ മന്ദിരത്തിലെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള ഗതാഗത വകുപ്പ് സെക്രട്ടറിയും കര്‍ണാടക ഗതാഗത വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ച തൊട്ടടുത്ത ദിവസം തന്നെ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഗതാഗത വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയും നടക്കും. ആവശ്യമെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ബംഗളൂരില്‍ പോകാനും തയാറാണ്. സുപ്രിം കോടതിയില്‍ നിലവിലുള്ള അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ കണ്ട് കേസിനെക്കുറിച്ച് സംസാരിക്കാന്‍ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കേസ് നടത്തിപ്പിന്റെ തുടര്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കും. കോടതിവിധി അനുകൂലമാകുന്നതില്‍ കര്‍ണാടകയുടെ നിലപാട് പ്രധാനമാണ്. എതിര്‍പ്പു പ്രകടിപ്പിക്കുന്ന പരിസ്ഥിതി സംഘടനകളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. ഇന്ത്യയിലെ മറ്റ് കടുവാ സങ്കേതങ്ങളിലൊന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്നത് പ്രധാനമാണ്. ഗുണ്ടല്‍പേട്ട, ബത്തേരി വഴിക്കുള്ള പാതക്കു ബദലായി മറ്റൊരു പ്രദേശത്തു കൂടി കടന്നുപോകുന്ന പാതയെ ഉയര്‍ത്തിക്കാട്ടുന്നതും അംഗീകരിക്കാനാവില്ല. രാത്രി നിരോധനം നീക്കുക എന്ന ലക്ഷ്യവുമായി യുവജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് അഭിനന്ദനാര്‍ഹമാണ്. യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന സമരങ്ങള്‍ പരാജയപ്പെട്ട ചരിത്രമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍, ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍, ദേശീയപാത കടന്നുപോകുന്ന നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ എന്നിവരെ കാണുകയും ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, പി.ടി.എ റഹീം, കാരാട്ട് റസാഖ്, ജോര്‍ജ്ജ്. എം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എ.കെ ജിതുഷ്, കണ്‍വീനര്‍ ടിജി ചെറുതോട്ടില്‍, കോഡിനേറ്റര്‍ സഫീര്‍ പഴേരി, സക്കറിയ വാഴക്കണ്ടി, കെ.പി സജു, കെ. മനോജ്കുമാര്‍, ജോജി വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."