അട്ടപ്പാടി കുടുംബശ്രീ മിഷനിലെ ക്രമക്കേടുകള്‍: പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
സ്വന്തം ലേഖകന്‍
പാലക്കാട്: അട്ടപ്പാടിയിലെ കേന്ദ്ര കുടുംബശ്രീമിഷനില്‍ നടക്കുന്ന ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ചുയര്‍ന്ന പരാതികളില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
ആദിവാസി സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 2014ല്‍ ആരംഭിച്ച പദ്ധതിയില്‍ വന്‍ ക്രമക്കേടുകളാണ് ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
പദ്ധതിയെ മിഷന്‍ ഓഫിസര്‍ തന്നിഷ്ടപ്രകാരം പണം ചെലവഴിക്കുന്നതിനെക്കുറിച്ചായിരുന്നു പരാതികളില്‍ അധികവും. പരാതിക്കാരായ ആദിവാസികള്‍ക്കു പുറമെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഭൂതിവഴി ഊരിലെ കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് നേരിട്ട് കാണാന്‍ അന്വേഷണംസംഘം എത്തി. അട്ടപ്പാടിയിലെ കുറുംബ സൊസൈറ്റിയെ സാമ്പത്തികമായി തകര്‍ക്കാന്‍ കുടുംബശ്രീ പദ്ധതിക്കുള്ള പങ്കിനെക്കുറിച്ച് സംഘം പരിശോധന നടത്തി.
കഴിഞ്ഞ നാലുവര്‍ഷമായി കേന്ദ്ര വിഹിതം കൊണ്ടായിരുന്നു മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലായതിനാല്‍ മിഷന്റെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടം കുടുംബശ്രീ മിഷന്‍ ഗവേണിങ് ബോഡി അംഗമായ ഡോ. ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ ഉടന്‍ നടക്കും.
അട്ടപ്പാടിയില്‍ നടന്നുവരുന്ന തെളുവെടുപ്പില്‍ മിഷന്‍ ഓഫിസര്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറിയത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ചില പരാമര്‍ശങ്ങളെ കുറിച്ചും അന്വേഷണ സംഘം മിഷന്‍ ഓഫിസിലെ ജീവനക്കാരില്‍ നിന്നും തെളിവെടുത്തു. മിഷന്‍ ഓഫിസര്‍ അന്വേഷണസംഘത്തോട് മുഖംതിരിച്ചതും നിസഹകരണം പ്രഖ്യാപിച്ചതും സര്‍ക്കാരിലേക്ക് സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."