കെ.എം.എം.എല്ലിന്റെ കെടുകാര്യസ്ഥത: സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം
കൊല്ലം: ലോക മാര്‍ക്കറ്റില്‍ സിര്‍ക്കോണിന് ആവശ്യക്കാര്‍ ഏറിവരുന്നതിനിടെ ചവറ കെ.എം.എം.എല്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ഫാക്ടറിയിലെ കോവില്‍ത്തോട്ടം എം.എസ് യൂനിറ്റിനിന്നുള്ള സിര്‍ക്കോണ്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.
പ്രതിമാസം 600 മെട്രിക് ടണ്‍ ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് 50 മെട്രിക് ടണ്ണായി താഴ്ന്നതോടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. ഫാക്ടറി മാനേജ്‌മെന്റും ചില ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കമാണ് ഫാക്ടറിയെ കെടുകാര്യസ്ഥതയിലെത്തിച്ചത്.
കൂടാതെ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി ഉത്തരേന്ത്യന്‍ ലോബികള്‍ നടത്തുന്ന കരുനീക്കവും ഇതിനു പിന്നിലുണ്ട്. നിലവില്‍ ആസ്‌ത്രേലിയ, ആഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സിര്‍ക്കോണ്‍ വന്‍തോതില്‍ രാജ്യത്ത് ഇറക്കുമതി നടത്തുന്നുണ്ട്. ഇത് കെ.എം.എം.എല്ലിലെ കച്ചവടത്തെയും ബാധിച്ചതോടെ വിദേശ ഇറക്കുമതിയിലേക്കു കെ.എം.എം.എല്ലിലെ ഇടപാടുകാരും താല്‍പര്യപ്പെട്ടു തുടങ്ങി.
പൊതുമേഖലയിലെ ഖനനം നഷ്ടമെന്നു വരുത്തുന്നതേടെ കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കത്തിനാണ് ജീവന്‍ വച്ചിരിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ്. കരിമണലില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സിര്‍ക്കോണിയം സിലിക്കേറ്റ് അഥവാ സിര്‍ക്കോണ്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടൈല്‍, സാനിട്ടറി സാധനങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ്.
ഡീസല്‍ എന്‍ജിന്‍, ലോഹങ്ങള്‍ മുറിക്കാനും തേച്ചു മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, സീലുകള്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, പമ്പിനുള്ള സ്‌പെയര്‍ പാര്‍ട്ടുകള്‍, കപ്പാസിറ്ററുകള്‍, സെന്‍സറുകള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങളില്‍ സിര്‍ക്കോണ്‍ ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."