പുതിയ മദ്യനയം മദ്യലോബിക്കുള്ള പ്രത്യുപകാരം: വി.എം സുധീരന്‍
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ പുതിയ മദ്യനയം മദ്യലോബിയില്‍ നിന്നു ലഭിച്ച സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള പ്രത്യുപകാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തെരഞ്ഞടുപ്പ് കാലത്തുതന്നെ മദ്യലോബിയുമായി രഹസ്യധാരണയുണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് പറഞ്ഞ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിന്നീട് നിലപാടില്‍ മാറ്റംവരുത്തിയത് തിരിച്ചറിയണം.
യു.ഡി.എഫിന്റെ മദ്യനിരോധനം പ്രയോജനം ചെയ്തില്ലെന്ന വാദം ശരിയല്ല. 2014 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് 31 വരെ മദ്യ ഉപഭോഗത്തില്‍ 22.11 ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ബിയര്‍-വൈന്‍ വില്‍പ്പനയില്‍ മാത്രമാണ് വര്‍ധനവുണ്ടായത്. ബാറുകള്‍ പൂട്ടിയ കാലയളവില്‍ അക്രമ സംഭവങ്ങളും പീഡനങ്ങളും കുറഞ്ഞത് ആരും ശ്രദ്ധിച്ചിട്ടില്ല. ബാറുകള്‍ പൂട്ടിയശേഷം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ മദ്യനിരോധനവുമായി മുന്നോട്ട് വരുമ്പോഴാണ് കേരളം മദ്യലോബിക്ക് അനുകൂലമായ നയം സ്വീകരിക്കുന്നത്. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ നീക്കങ്ങള്‍ നീരിക്ഷിച്ചശേഷം ഇക്കാര്യത്തില്‍ യുക്തമായ നടപടി പാര്‍ട്ടിയും മുന്നണിയും സ്വീകരിക്കും.
സര്‍ക്കാരിന്റെ പ്രവൃത്തികളും പ്രഖ്യാപനങ്ങളും ഒത്തുപോകുന്നില്ല. തുല്യനീതി ഉറപ്പ് വരുത്തുമെന്നും ക്രിമിനലുകളെ അടിച്ചമര്‍ത്തുമെന്നും പറഞ്ഞവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഇക്കാര്യങ്ങള്‍ വിസ്മരിച്ചിരിക്കുകയാണ്. പാര്‍ട്ടി ഘടകങ്ങള്‍ അധികാരകേന്ദ്രങ്ങളാവില്ലെന്ന് സെക്രട്ടറി പറഞ്ഞുവെങ്കിലും എല്ലാം ജലരേഖകളായി മാറിക്കഴിഞ്ഞു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
തൃശൂരില്‍ പഞ്ചായത്ത് അംഗംകൂടിയായ നിയമവിദ്യാര്‍ഥിയെ ക്രൂരമായാണ് പൊലിസ് തലഅടിച്ചു പൊട്ടിച്ചത്. ഈസംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ കോണ്‍ഗ്രസ് 27ന് തലശ്ശേരിയില്‍ മനുഷ്യാവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."