ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് 20 ന് പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ചേര്‍ത്തലയില്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ താല്പര്യമനുസരിച്ച് തീരുമാനമെടുക്കാന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് ഡോ.എം.എം സോമന്, കെ.ആര് പ്രസാദ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.
സമുദായാംഗങ്ങളുടെ താല്പര്യമാണ് ചെങ്ങന്നൂരില്‍ നടപ്പിലാക്കുകയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍. പ്രവര്‍ത്തനത്തില്‍ സജി ചെറിയാന് അല്പം മുന്നിലാണ്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തിയിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണെന്ന് കണക്കാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ബി.ഡി.ജെ.എസിന്റെ സമ്മര്‍ദതന്ത്രം പാളിയില്ലേ എന്ന ചോദ്യത്തിന് അത് ബി.ഡി.ജെ.എസിനോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിന്റെ വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിക്കു തന്നെ ലഭിക്കും. മറ്റൊരു മുന്നണിക്കും ലഭിക്കില്ല. പ്രവര്ത്തനത്തിനിറങ്ങണോ വേണ്ടയോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."