കടുത്ത വേനലിലും വെള്ളം നിറഞ്ഞ് കുട്ടശ്ശേരി പള്ളിക്കുളം
മഞ്ചേരി: നൂറ്റാണ്ടോളം പഴക്കമുള്ള കുട്ടശ്ശേരി ജുമാ മസ്ജിദിലെ കുളം ജലസമൃദിയാല്‍ വിസ്മയമാവുന്നു. മൂന്നാള്‍ താഴ്ച്ചയുള്ള ഈ കുളത്തിന്റെ അടി മുഴുവനും പാറയാണ്. നാട്ടിലെ പല കിണറുകളും വരണ്ടുണങ്ങി നില്‍ക്കുമ്പോഴാണ് പള്ളിക്കുളം നിറഞ്ഞു നില്‍ക്കുന്നത്. പഴയ കാലത്ത് പരിസരനിവാസികള്‍ കുളിക്കാന്‍ വേണ്ടിയും ഈ കുളത്തെ ആശ്രയിച്ചിരുന്നു. കുളത്തില്‍ നിന്ന് അംഗസ്‌നാനം വരുത്തി അമ്പതോളം പടവുകള്‍ കയറി വേണം പള്ളിയില്‍ എത്താന്‍.
വേനല്‍ രൂക്ഷമാകുമ്പോള്‍ പള്ളിയിലെ അവശ്യത്തിനുള്ള വെള്ളം തികയാതെ വന്നാല്‍ ഈ കുളത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പള്ളി സ്ഥാപിതമായത് മുതല്‍ ഈ അടുത്ത കാലം വരെ സ്ഥിരതാമസക്കാരായി അമ്പതു മുതല്‍ നൂറ് വരെ മത വിദ്യാര്‍ഥികള്‍ പള്ളിയില്‍ ഉണ്ടായിരുന്നപ്പോഴും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ആശ്രയം ഈ കുളമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.
മുന്‍ കാലത്ത് കുളം രണ്ട് ഭാഗമായി വേര്‍തിരിച്ച് ഒരു ഭാഗം അംഗശുദ്ധിക്കും മറു ഭാഗം കുളിക്കാനും ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കുളത്തിന്റെ താഴ്ഭാഗത്ത് വിസ്മയകരമായ ഒരു കാഴ്ച്ച കൂടിയുണ്ട്. വലിയ ഒരു പാറയുടെ ചുവട്ടില്‍ ഉറവ കിനിയുന്ന ഒരു കുഴി. ഇതിനും നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പരിസരവാസിയും മഹല്ല് കാരണവന്മാരിലൊരാളുമായ ഏറാന്‍ തൊടിക മൊയ്തീന്‍ ഹാജി പറഞ്ഞു.
ഇന്ന് പ്രദേശത്ത് ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ ആര്‍ക്കും കുളത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് കണ്ഡിതമായി പറയാന്‍ സാധിക്കുന്നില്ല. എങ്കിലും പള്ളിയില്‍ അമ്പത് വര്‍ഷത്തോളമായി സേവനം ചെയ്യുന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറയുന്നത് ഇരുനൂറോളം വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്നാണ്. പാരമ്പര്യമായി തന്റെ പിതാവില്‍ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."