വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു
കൊച്ചി: ലോകബാങ്ക് നിര്‍ദേശപ്രകാരമുള്ള 'ഈസ് ഓഫ് ഡൂയിങ് ബിസിനസ് 'സംരംഭങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍(ഡി.ഐ.പി.പി) റാങ്കിങിന് അനുസൃതമായി കേരളത്തില്‍ വാണിജ്യ, വ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ഡി.ഐ.പി.പി റാങ്കിങില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തേയും എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ബിസിനസിന്റെ ആരംഭം, നിര്‍മാണാനുമതികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, ഭൂമി രജിസ്റ്റര്‍ ചെയ്യല്‍, നികുതിഅടവുകള്‍, അതിര്‍വരമ്പുകളില്ലാത്ത വ്യാപാരം, കരാറുകളുടെ നടപ്പാക്കല്‍ തുടങ്ങിയവയാണു റാങ്കിങിനായി ഡി.ഐ.പി.പി എല്ലാ സംസ്ഥാനങ്ങളിലും പരിഗണിക്കുന്ന ഘടകങ്ങള്‍. ഇതിനായി വിവിധ മേഖലകളില്‍ ചട്ടങ്ങളനുസരിച്ചു നവീകരണം നടപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തി മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്റുമാരായി കെ.എസ്.ഐ.ഡി.സി നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ഔപചാരികമായ ഒപ്പുവയ്ക്കല്‍ തിരുവനന്തപുരത്ത് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്റെ സാന്നിധ്യത്തില്‍ കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. എം. ബീനയും കെ.പി.എം.ജി പ്രതിനിധികളും നിര്‍വഹിച്ചു. പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നവീകരണനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടി കെ.എസ്.ഐ.ഡി.സി സര്‍ക്കാരിനു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."