തടവുകാരനൊപ്പം തിന്നും കുടിച്ചും ആഹ്ലാദം: മൂന്ന് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു
നാസിക്: ജയിലില്‍ ഹാജരാക്കിയ ശേഷം തടവുകാരനൊപ്പം ഹോട്ടലില്‍ പോയി ഇയാളുടെ ചെലവില്‍ ഭക്ഷണം കഴിച്ചും മദ്യപിച്ചും ആഹ്ലാദിച്ച മൂന്നു പൊലിസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പ്രമോദ് ജാധവ്, സാഗര്‍ ബോധ്ലെ, രാഹുല്‍ ദോണ്ജെ എന്നീ പൊലിസ് കോണ്‍സ്റ്റബിള്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു ജയിലിലെ തടവുകാരനെയാണ് പൊലിസുകാര്‍ ഹോട്ടലില്‍ കൊണ്ടുപോയി അയാളുടെ ചെലവില്‍ തിന്നും കുടിച്ചും ആഘോഷം ഗംഭീരമാക്കിയത്. മക്കോക്ക വകുപ്പുചുമത്തി ജയിലിലടച്ച സമീര്‍ പത്താന് എന്ന തടവുകാരനൊപ്പമാണ് പൊലിസുകാര്‍ ആഘോഷം പങ്കുവെച്ചത്.
കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഇയാളേയും കൂട്ടി ഹോട്ടലില്‍ പോയി ആഘോഷിക്കുകയായിരുന്നു.
പൊലിസ് വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ഇവര്‍ തടവുകാരനുമായി ഹോട്ടലില്‍ കയറിയത്. മദ്യപാനവും മറ്റും കഴിഞ്ഞ് ഉറയ്ക്കാത്ത കാലുകളോടെയാണ് പൊലിസുകാര്‍ സ്റ്റേഷനില്‍ എത്തിയതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡ്യൂട്ടിയ്ക്കിടയില്‍ ഇവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തടവുകാരനൊപ്പം അയാളുടെ ചെലവില്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പൊയതായിരുന്നു പൊലിസുകാരെന്ന് കണ്ടെത്തിയത്. ജോലിയ്ക്കിടയില്‍ കൃത്യവിലോപം, സ്വഭാവ ദൂഷ്യം, തടവുപുള്ളിയുടെ ചെലവില്‍ ഭക്ഷണവും മദ്യവും കഴിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."