'ഫറോക്കില്‍ ട്രെയിന്‍ പാളം തെറ്റി'; ജനത്തെ ആശങ്കയിലാഴ്ത്തി രാത്രിയില്‍ മോക്ഡ്രില്‍
ഫറോക്ക്: 'മദ്രാസില്‍ നിന്ന് പുറപ്പെട്ട് കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് 657 കിലോമീറ്റര്‍ പിന്നിട്ട ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. സംഭവസ്ഥലത്തേക്ക് ഷൊര്‍ണൂരില്‍ നിന്ന് എമര്‍ജന്‍സി റിലീഫ് ട്രെയിന്‍ പുറപ്പെട്ടിട്ടുണ്ട്....' രാത്രി 11.20 റെയില്‍വേയിലെ സാങ്കേതിക വിഭാഗത്തിനു ലഭിച്ച സന്ദേശമാണിത്.
രാത്രി ഫറോക്ക് ചെറുവണ്ണൂര്‍ കുണ്ടായിത്തോട് ആമാംകുനിയിലാണ് സംഭവം. ഉടന്‍ തന്നെ ജീവനക്കാര്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. കോഴിക്കോട് സ്റ്റേഷന്‍ സൂപ്രണ്ട് ജോസഫ് മാത്യു, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ വാഗണ്‍ മെയിന്റനന്‍സ് ഹാരിസ്, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ അബ്ദുല്‍ സമദ്, പെര്‍മനന്റ് വേ എസ്.എസ്.ഇ പി.പി ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൈയില്‍ കിട്ടിയ ഉപകരണങ്ങളുമായാണ് ചെറുവണ്ണൂരിലേക്ക് എത്തിയത്. ട്രെയിന്‍ പാളം തെറ്റിയ സ്ഥലത്തേക്ക് ജീവനക്കാര്‍ക്ക് എത്താനുള്ള വഴിയില്ലാത്തതിനാല്‍ സമീപത്തെ കാട് വെട്ടിത്തെളിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാര്‍ കല്ലായില്‍ നിന്നും ഫറോക്കില്‍ നിന്നും സംഭവ സ്ഥലത്തേക്ക് പാളത്തിലൂടെ ഓടിയെത്തി. സ്‌പെഷല്‍ ബ്രാഞ്ചിലെത്തിയ വിവരത്തെ തുടര്‍ന്ന് നല്ലളം പൊലിസും സ്ഥലത്തെത്തിയിരുന്നു. എല്ലാ ഉദ്യോഗസ്ഥരും എത്തിയതിനു ശേഷമാണ് പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജരുടെ നിര്‍ദേശപ്രകാരം നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായാണ് സംഭവം നടന്നതെന്ന് എല്ലാവരും അറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."