വിജയത്തിലേക്ക് നയിച്ച ആര്‍ജവം
'സര്‍ക്കാര്‍ സ്‌കൂളും റാങ്ക് തരും' എന്ന സചിത്ര ലേഖനം(ലക്കം:91, ജൂണ്‍ 12) മുഹമ്മദ് മുനവ്വിറിന്റെ വിജയഗാഥയും ചരിത്ര പശ്ചാത്തലവും കൊണ്ട് ഹൃദ്യമായി. ആ കുട്ടിയുടെ അധ്വാനശേഷിയും രക്ഷിതാക്കളുടെ ആര്‍ജവവും പ്രശംസാര്‍ഹമാണ്. ഇന്നത്തെ സമൂഹം, സര്‍ക്കാര്‍ സ്‌കൂളുകളോട് ഒരുതരം അവജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. അതാകട്ടെ, അല്‍പ്പവിദ്യാഭ്യാസം മാത്രം നേടിയ സമ്പന്നരില്‍ നിന്നാണ് താനും. കാര്‍ഷിക പരിഷ്‌ക്കരണ നിയമത്തിന്റെയും ഗള്‍ഫ് സമ്പദ്പ്രവാഹത്തിന്റെയും ഫലമായി, കേരളത്തിലെ കുഗ്രാമങ്ങളില്‍പ്പോലും ഇന്ന് ധാരാളം സമ്പന്നരുണ്ട്. ഈ പുത്തന്‍ പണക്കാര്‍, സ്വന്തം സന്താനങ്ങള്‍ 'ഉയരങ്ങളില്‍ പറക്കാന്‍ വേണ്ടി' അവരെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് അയക്കുകയാണ്. സമൂഹത്തിലെ സിംഹങ്ങളുടെ കുട്ടികള്‍ അവിടെ പഠിക്കുന്നതും ഈ പുതുപണക്കാര്‍ കാണുന്നുണ്ടല്ലോ.
ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ ഭാരിച്ച ഫീസ്, ഗഹനമായ സിലബസ്സ്, കഠിനമായ ശിക്ഷാവിധികള്‍- ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന മാനസിക പിരിമുറുക്കം വിദ്യാര്‍ഥികളെ വല്ലാതെ വിഷമിപ്പിക്കുകയാണ്. ഈ യാഥാര്‍ഥ്യം രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല. അഥവാ മനസിലാക്കിയാല്‍ തന്നെയും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാനിരിക്കുന്ന 'സൗഭാഗ്യങ്ങളുടെ സുവര്‍ണ കൂമ്പാര'മോര്‍ത്ത് ഈ രക്ഷിതാക്കള്‍ ആശ്വസിക്കുകയും ചെയ്യും. ഈ പ്രാവശ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യത്തെ 1000 റാങ്കുകാരില്‍ 482 ഉം പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിച്ച് പരീക്ഷ എഴുതിയവരായിരുന്നു. അതേ സമയം സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്ന് പരീക്ഷ എഴുതിയവര്‍ ആദ്യത്തെ 1000 പേരില്‍ ഉള്‍പ്പെട്ടത് 484 മാത്രവും!
ഈ നേരിയ വ്യത്യാസം ഒരു കാര്യം വ്യക്തമാക്കുന്നു: നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളും 'തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും' വര്‍ധിക്കുന്നവ തന്നെയാണ്. ആ സത്യം മനസിലാക്കി മുന്നിട്ടിറങ്ങിയവരാണ്, മുഹമ്മദ് മുനവ്വിറിന്റെ മാതാപിതാക്കള്‍. അവരുടെ ചിന്തയും പ്രവര്‍ത്തനവും വിജയപഥത്തിലെത്തുകയും ചെയ്തു. മുഹമ്മദ് മുനവ്വിറും മാതാപിതാക്കളും തിരഞ്ഞെടുത്ത വഴി, അസാമാന്യമായ ആര്‍ജവത്തിന്റേതാണ്. അതിന് അവരെ അഭിനന്ദിക്കുന്നു. ഒപ്പം, സ്വന്തം കുട്ടികള്‍ക്ക് സംഘര്‍ഷ പൂരിതമായ ദിനരാത്രങ്ങള്‍മാത്രം സമ്മാനിക്കുന്ന ഇംഗ്ലീഷ് മീഡിയം പ്രേമികളായ രക്ഷിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. മുഹമ്മദ് മുനവ്വിറിന്റെ നിതാന്തപരിശ്രമവും പ്രഥമ റാങ്ക് ലഭ്യതയും ചൂടാറും മുമ്പേ വായനക്കാരിലെത്തിക്കാന്‍ യത്‌നിച്ച 'ഞായര്‍ പ്രഭാത'ത്തിന് അഭിനന്ദനങ്ങള്‍.
ടി. ആര്‍ തിരുവഴാംകുന്ന്,
കച്ചേരിപ്പറമ്പ്,
പാലക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."