വാഹന സര്‍വിസ് സ്റ്റേഷനിലേക്ക് ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ നല്‍കി വാട്ടര്‍ അതോറിറ്റി
കൊട്ടിയം: കുടിവെള്ള ക്ഷാമം രൂക്ഷമായ കൊട്ടിയത്ത് വന്‍ ജലചൂഷണത്തിന് വഴിയൊരുക്കി വാട്ടര്‍ അതോറിറ്റി. ജപ്പാന്‍ കുടിവെള്ള പൈപ്പ്‌ലൈനില്‍ നിന്നും വാഹന സര്‍വിസ് സ്റ്റേഷനിലേക്ക് കണക്ഷന്‍ നല്‍കിയ വാട്ടര്‍ അതോറിറ്റി അധികൃതരുടെ നടപടിയാണ് ജലചൂഷണത്തിന് ഇടയാക്കുന്നത്. കൊട്ടിയം സുഗതന്‍ മുക്കിന് സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ച സര്‍വിസ് സ്റ്റേഷനിലേക്കാണ് കണക്ഷന്‍ നല്‍കിയത്.
ഈ ഭാഗത്ത് നിരവധി വീടുകളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. കിണറുകളില്‍ വെള്ളമില്ലാത്തതു കാരണം പൈപ്പ് കണക്ഷനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വാട്ടര്‍ അതോറട്ടിയുടെ ജലവിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ കുടിവെള്ളം ക്ഷാമം രൂക്ഷമാണ്. വെള്ളം ലഭിക്കാത്തതിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിരവധി പരാതികളാണ് ഈ മേഖലയില്‍ നിന്നും ദിനവും ലഭിക്കുന്നത്. എന്നാല്‍ ഇത് മറച്ചുവച്ച് രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സര്‍വ്വീസ് സ്റ്റേഷന് കണക്ഷന്‍ നല്‍കാന്‍ അനുമതി നല്‍കിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.
കുടിവെള്ളം വന്‍ വിലയ്ക്ക് വാങ്ങി ജനം വലയുമ്പോഴാണ് വാണിജ്യാവശ്യങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി വിവിധ സ്ഥാപനങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെ ശക്തി കുറച്ചാണ് ജലവിതരണം നടക്കുന്നത്. ഇതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം കാര്യക്ഷമമല്ല.
സര്‍വിസ് സ്റ്റേഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ വന്‍തോതില്‍ ജലം ഉപയോഗിക്കുന്നതോടെ തുള്ളി വെള്ളം പോലും കുടിക്കാന്‍ ലഭിക്കില്ലെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് വാട്ടര്‍ അതോറിറ്റി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."