കുത്തിവെപ്പിനെതിരേ പ്രചാരണം
നടപടിയെടുക്കാനാകാതെ ആരോഗ്യ വകുപ്പ്
മലപ്പുറം: കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാകാതെ ആരോഗ്യ വകുപ്പു നട്ടം തിരിയുന്നു. ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഭീഷണി തുടരുമ്പോഴും കുത്തിവെപ്പിനേതിരേയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മറുവിഭാഗം ശക്തമായി രംഗത്തുണ്ട്. യോഗങ്ങളില്‍ കലക്ടറോ ജില്ലാ മെഡിക്കല്‍ ഓഫിസറോ നടത്തുന്ന പ്രസ്താവനകള്‍ മാത്രമായി ചുരുങ്ങുന്നു നടപടി. നടപടിക്കു വകുപ്പില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് ആരോഗ്യവകുപ്പു കൃത്യമായ ഉത്തരം നല്‍കാത്തതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നു കലക്ടര്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും എതിര്‍പ്പു വരുമ്പോള്‍ അപ്പോള്‍ നോക്കാമെന്ന നിലപാടാണു കലക്ടര്‍ അറിയിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഒ. ഉമറുല്‍ ഫാറൂഖ് പറഞ്ഞു. ഇപ്പോള്‍ മുഖ്യപരിഗണന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുത്തിവെപ്പിനെതിരേ പ്രചാരണവുമായി നാലു സംഘടനകളുടെ കൂട്ടായ്മയായ ജനാരോഗ്യ പ്രസ്ഥാനം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി. ഇവര്‍ ജൂലൈ ഒന്നിനു പാലക്കാട്ടും അതിനുശേഷം എറണാകുളത്തും ക്യാംപ് സംഘടിപ്പിക്കുന്നുണ്ടെന്ന് ഡോ. ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളില്‍ അടിയന്തിര യോഗം
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി പഞ്ചായത്ത്- നഗരസഭാ തലങ്ങളില്‍ അടിയന്തിര യോഗം ചേര്‍ന്നു.
രണ്ടു മരണം ഉള്‍പ്പെടെ അഞ്ച് ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് അവധി ദിനമായിട്ടും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിര യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."