ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ജില്ലയില്‍ വ്യാപകം നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്
ഹരിപ്പാട്: പഴക്കം ചെന്നതും ഗുണനിലവാരം ഇല്ലാത്തതുമായ കുപ്പിവെള്ളം ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കുന്നു. പല പട്ടണങ്ങളില്‍ നിന്നും കാലാവധി കഴിയാറായ കുപ്പിവെള്ളം കമ്പനിക്കാര്‍ ശേഖരിച്ച് ടൂറിസം സീസണില്‍ ആലപ്പുഴ പട്ടണത്തിലും ഹൗസ് ബോട്ടുകളിലും വിറ്റഴിച്ചതായി പരാതി. കോയമ്പത്തൂര്‍ ആസ്ഥാനമായ ഒരു കമ്പനിയുടെ യാതൊരു ഗുണ നിലവാര പരിശോധനയും നടത്താത്ത കുപ്പിവെള്ളം പോലും യഥേഷ്ടം ജില്ലയില്‍ വിറ്റഴിക്കുകയാണ്. കുടിവെളള ക്ഷാമം രൂക്ഷമായതോടെ ചെറുതും വലുതുമായ കുപ്പിവെള്ളത്തിന് ആവശ്യക്കാരേറെയുമാണ്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളം വ്യാപകമായാണ് മേഖലയില്‍ വിറ്റഴിക്കുന്നത്. റോയല്‍ ചോയ്‌സ് എന്ന പേരില്‍ തിയതിയോ ബാച്ച് നമ്പരോ എഫ്.എസ്.എസ്.എ.ഐ നമ്പരോ ഇല്ലാതെ പുന്നമടയില്‍ വിതരണത്തിനു വെച്ചിരുന്ന കുപ്പിവെള്ളം വടക്കന്‍ കേരളത്തില്‍ നിന്നും ഹൗസ് ബോട്ട് സഞ്ചാരത്തിനെത്തിയവര്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ മാലിന്യങ്ങള്‍ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ സാര്‍വത്രികമായതോടെ കുപ്പിവെള്ളം കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ബന്ധപ്പെട്ട ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ കുപ്പിവെള്ളം പരിശോധിക്കുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ മുറയ്ക്ക് കുപ്പിവെള്ള കമ്പനികളുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ച് തങ്ങള്‍ക്കെതിരേ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ സ്വാധീനിക്കുന്നതായും പരാതിയുണ്ട്.
ജില്ലയിലെ ബന്ധപ്പെട്ട ആരോഗ്യ വിഭാഗം നിഷ്‌ക്രിയമായതോടെ വിവാഹ സല്‍ക്കാരങ്ങളില്‍ അടക്കം ആകര്‍ഷകമായ കുപ്പികളില്‍ മനോഹരമായ ലേബല്‍ പതിച്ച് കുറഞ്ഞ വിലയ്ക്ക് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് നല്‍കി വെള്ളം വിറ്റഴിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും മറ്റും പരിപാടികളിലും ഇതേപോലെ ആയിരക്കണക്കിന് കുപ്പിവെള്ളമാണ് വിതരണം ചെയ്യുന്നത്. ഇത്തരം ചെറിയ കുപ്പിവെള്ളങ്ങളിലേറെയും തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."