നിലമേലിന്റെ അഭിമാനമായി മുഹമ്മദ് അനസ്
കൊല്ലം: നിലമേലിന്റെയും അതുവഴി കേരളത്തിന്റെയും അഭിമാനമാവുകയാണ് മുഹമ്മദ് അനസ് എന്ന ഇരുപത്തിരണ്ടുകാരന്.
പോളിഷ് നാഷനല്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ യോഗ്യതാ ദൂരം പിന്നിട്ട മുഹമ്മദ് അനസ് റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടി.നിലമേല്‍ വളയിടം അനസ് മന്‍സിലില്‍ പരേതനായ യഹിയയുടെയും ഷീനയുടെയും മകനാണ് . അഞ്ചാം ക്ലാസു മുതല്‍ സ്പോര്‍ട്സില്‍ ഇനങ്ങളില്‍ പങ്കെടുത്തിരുന്ന അനസ് അത്ലറ്റ്ക്സ് വിഭാഗത്തിലായിരുന്നു ശ്രദ്ധ പതിപ്പിച്ചിരുന്നത്. അധ്യാപകരായിരുന്നു പ്രോത്സാഹനം.
ഏഴാം ക്ലാസുവരെ നിലമേല്‍ ഗവ. യു.പി എസ്സിലായിരുന്നു പഠനം. ആറാം ക്ലാസില്‍ പഠിച്ചുക്കുമ്പോള് ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലേക്ക് സെലക്ഷന് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പ്രദേശത്തെ തന്നെ ഒരു ക്ലബ്ബില്‍ പരിശീലനം തുടര്‍ന്നു. കല്ലമ്പലം കുടവൂര്‍ എച്ച്.എസിലെ അധ്യാപകനായ അന്‍സര്‍ നിലമേലായിരുന്നു ആദ്യ പരിശീലകന്. ഹൈസ്കൂള്‍ തലത്തില്‍ എം.എം.എച്ച്.എസ്സില്‍ ആയിരുന്നു പഠനം. ഈ സമയം ജില്ലാ തലങ്ങളില്‍ 400 മീറ്റര്‍ റിലേ, 100 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കി.പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന തലത്തില്‍ അത്ലറ്റിക് മീറ്റിന് പങ്കെടുത്ത് മെഡല്‍ നേടുന്നത്. തുടര്‍ന്നു ദേശീയ സ്കൂള്‍ ഗെയിംസിലേക്ക് അവസരം നേടുകയും 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടി.
ഗുരുവായൂര്‍ ശ്രീക്യഷ്ണാ കോളജിലായിരുന്നു ബിരുദ പഠനം. അപ്പോഴും സംസ്ഥാന, ദേശീയ കോളജ് മീറ്റുകളില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തു. ഇക്കഴിഞ്ഞ സാഫ് ഗെയിംസിലും അനസ് പങ്കെടുത്തിരുന്നു. 400 മീറ്റര്‍ റിലേയില്‍ സ്വര്ണവുമായായിരുന്നു മടങ്ങിയത്. ഇപ്പോള്‍ നേവിയില്‍ ജോലി നേടിയ അനസ് റിയോ ഒളിംബിക്സിന് ശേഷം ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. സാധാരണ കുടുംബത്തില്‍ നിന്നാണ് അനസ് ഉയരങ്ങളിലേക്കെത്തിയത്. പിതാവ് നേരത്തേ മരിച്ചു. റബര്‍ കൃഷിയില്‍ നിന്നായിരുന്നു ഉമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വരുമാനം കണ്ടെത്തിയത്. മുഹമ്മദ് അനസിന്റെ സഹോദരന് അനീസിനും ജില്ലാ തലങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."