പച്ചക്കറി വില കുറയുന്നു; ഇനി തക്കാളി തൊട്ടാല്‍ പൊള്ളില്ല
തൊടുപുഴ: തൊട്ടാല്‍ കൈ പൊള്ളുന്നത്ര ഉയര്‍ന്ന വിലയില്‍ നിന്നിരുന്ന തക്കാളിയെ ഇനി ധൈര്യമായി തൊടാം.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ വില കുറഞ്ഞത് എണ്‍പതില്‍പ്പരം രൂപ. കിലോഗ്രാമിനു 120 രൂപയിലെത്തി നിന്നിരുന്നത് പൂപ്പാറ,ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നിവിടങ്ങളിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ നാല്‍പ്പത് രൂപയായി താഴ്ന്നിട്ടുണ്ട്.
പച്ചക്കറിയിനങ്ങള്‍ക്ക് വില അമിതമായി ഉയര്‍ന്നതോടെ ഏറ്റവുമധികം വില്‍പ്പനയുണ്ടായിരുന്ന സാമ്പാര്‍ കൂട്ടിന്റെ കച്ചവടം മിക്ക വ്യാപാരികളും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു . മിക്കവാറും എല്ലായിനം പച്ചക്കറികളുടെയും വില കുറയുകയും, ലഭ്യത വര്‍ധിക്കുകയും ചെയ്തതോടെ സാമ്പാര്‍ കൂട്ട് വില്‍പ്പനയും ഇപ്പോള്‍ സജീവമായി. തമിഴ്നാട്ടില്‍ കൃഷിനാശമുണ്ടായതാണ് പച്ചക്കറിയ്ക്ക് വില ഉയരുവാന് കാരണമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വില അമിതമായി ഉയര്‍ന്നതോടെ കച്ചവടത്തില്‍ വലിയ കുറവുണ്ടാകുകയും ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. എടുത്തുവയ്ക്കുന്ന പച്ചക്കറികള്‍ പൂര്‍ണ്ണമായും വിറ്റഴിക്കുവാന്‍ കഴിയാതായതോടെ ക്വിന്റല്‍ കണക്കിനു സാധനങ്ങളാണ് ചീഞ്ഞു നശിച്ചത്.
ബീന്‍സ് വില നൂറില്‍ നിന്ന് എഴുപതിലേയ്ക്കും, വെണ്ടയ്ക്കാ അറുപതില്‍ നിന്ന് നാല്പ്പതിലേയ്ക്കും, മുരിങ്ങക്കായ് നൂറില്‍ നിന്ന് അമ്പതിലേയ്ക്കും, പച്ചമുളക് 140 ല്‍ നിന്നും 40 ലേയ്ക്കുമാണു ഒരാഴ്ച്ചയ്ക്കിടെ താഴ്ന്നിരിക്കുന്നത്. എന്നാല്‍ പയര്‍ വില 50 രൂപയായി വര്‍ധിക്കുകയാണു ചെയ്തിരിക്കുന്നത്.
പ്രാദേശിക കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പയറിന്റെ വിളവെടുപ്പ് കഴിഞ്ഞതാണു ഇതിനു കാരണം. 20 രൂപയുണ്ടായിരുന്ന പച്ചക്കപ്പയുടെ വിലയിലും നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. രണ്ടുരൂപ വര്‍ധിച്ച് 22 നാണു കച്ചവടം നടക്കുന്നത്.
വരും ദിവസങ്ങളില്‍ പച്ചക്കറിയുടെ വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."