വീണ്ടും കാണാമെന്ന ഉറപ്പില്‍ അവര്‍ പിരിഞ്ഞു
കണ്ണൂര്‍: അപകടങ്ങളില്‍പെട്ടു ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട പാരാപ്ലീജിയ രോഗികളുടെ സംഗമം പടന്നപ്പാലം തണല്‍ വീട്ടില്‍ സംഘടിപ്പിച്ചു. ഇവിടെ നിന്നു മൂന്നു മാസത്തെ ചികിത്സ കഴിഞ്ഞു പോകുന്നവര്‍ക്കുള്ള യാത്രയയപ്പും പുതുതായി ചികിത്സക്കെത്തുന്നവര്‍ക്ക് സ്വാഗതവുമായി നടത്തിയ സംഗമത്തില്‍ രോഗികള്‍ അവരുടെ കയ്‌പേറിയ ജീവിതാനുഭവങ്ങളും പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചികിത്സക്കെത്തിയ ഒന്‍പതു പേരും പുതുതായി ചികിത്സക്കെത്തുന്ന 14 പേരും പങ്കെടുത്ത സംഗമത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. വി ഇദ്‌രിസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷനായി. ശരീരം നുറുങ്ങുന്ന വേദനയുമായി വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടവരും ജീവിതം വീല്‍ചെയറില്‍ ഉന്തിനീക്കുന്നവരുമായ രോഗികള്‍ക്കു ചികിത്സ നല്‍കി ചലിക്കാനും നടക്കാനും പ്രാപ്തരാക്കുന്ന ഇതുപോലുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനം മുഴുവനായും ആരംഭിക്കണമെന്ന് ചികിത്സ പൂര്‍ത്തിയാക്കിയ രോഗികള്‍ അഭിപ്രായപ്പെട്ടു. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങളായി വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയവരില്‍ പലരും അതിനേക്കാള്‍ മികച്ച ചികിത്സയും സൗഹൃദാന്തരീക്ഷവുമാണ് ഇവിടെ നിന്നും ലഭിച്ചതെന്നും പറഞ്ഞു. വേദനകള്‍ പരസ്പരം പങ്കിട്ടും മറ്റുള്ളവരുടെ സന്തോഷം നമ്മുടെ സ്വന്തമായി കണ്ടും ഒരു കുടുംബം പോലെ കഴിഞ്ഞവര്‍ പിരിയുന്നതില്‍ സങ്കടമുണ്ടെങ്കിലും ഇനിയും ഒത്തു കൂടി ഈ ബന്ധം കാത്തു സൂക്ഷിക്കാമെന്ന ഉറപ്പിലാണ് എല്ലാവരും പിരിഞ്ഞത്. ചടങ്ങില്‍ വി.വി മുനീര്‍, എന്‍ രാമചന്ദ്രന്‍, തണല്‍ വീട് ജീവനക്കാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."