ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫിസില്‍ ക്ലാസ് മൂന്ന് തസ്തികയിലാണ് നിയമനം. ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് നിയമന ഉത്തവ് കൈമാറിയത്.
കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയും കലക്ടര്‍ കൈമാറി. അഖില, ശ്രീജിത്തിന്റെ മാതാവ് ശ്യാമള, മകള്‍ ആര്യനന്ദ എന്നിവരുടെ പേരില്‍ തുല്യമായി വീതിച്ച ചെക്കുകളാണ് കൈമാറിയത്.
മെയ് 30നകം ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവിലുള്ളത്. രേഖകള്‍ സമര്‍പ്പിച്ചതിനുശേഷം ഈ മാസം അവസാനത്തോടെ ജോലിയില്‍ പ്രവേശിക്കുമെന്ന് അഖില പറഞ്ഞു. ശ്രീജിത്ത് പോയതിനു പകരമായി ജോലി ലഭിച്ചതില്‍ സന്തോഷമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളൊക്കെ സാക്ഷാല്‍കരിക്കാന്‍ ഈ ജോലി പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. മകള്‍ ആര്യനന്ദയ്ക്ക് ശ്രീജിത്തിന്റെ ആഗ്രഹപ്രകാരം മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും അഖില കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസ് സി.ബി.ഐക്കു വിടണമെന്ന ഉറച്ച നിലപാടിലാണ് തങ്ങളിപ്പോഴുമെന്ന് അഖിലയും ശ്യാമളയും പറഞ്ഞു. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി എത്താത്തതില്‍ ദുഃഖമുണ്ട്. സഹായധനം കൈമാറാന്‍ മുഖ്യമന്ത്രി വരുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടതും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."