പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജന പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി ബാലന്‍
പാലക്കാട്: ജനകീയാസൂത്രണം,സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം തുടങ്ങിയവ നടപ്പാക്കിയപോലെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിവേണം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമിടാനെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-നിയമ-പിന്നോക്ക ക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന തരൂര്‍ നിയോജക മണ്ഡലം തല വിദ്യാഭ്യാസ സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണ പദ്ധതിക്ക് ശേഷം ജനപങ്കാളിത്തം ഉറപ്പ് വരുത്തിയുള്ള ഒരു വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള പശ്ചാത്തല സൗകര്യം ഉറപ്പ് വരുത്തുന്നതു മുതല്‍ ശാസ്ത്രീയവും ലോകനിലവാരത്തിലുമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന പതിനെട്ടോളം ലക്ഷ്യങ്ങള്‍ ഉള്ളതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.
ഭരണതലത്തില്‍ ഒതുങ്ങിനിന്നുകൊണ്ടോ സര്‍ക്കാര്‍ ഫണ്ട് മാത്രം ഉപയോഗിച്ചോ ഈ ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ല. പൂര്‍വവിദ്യാര്‍ഥികള്‍, വിദേശത്തുള്ളവര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങി മുഴുവന്‍ ആളുകളെയും ഇതില്‍ ഭാഗമാക്കണം.
മണ്ഡലത്തില്‍ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത സ്‌കൂളിന് അഞ്ചുകോടിയുടെ സഹായം സര്‍ക്കാര്‍ ലഭ്യമാക്കും. എന്നാല്‍ 10 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ ആണ് ഓരോ സ്‌കൂളും തയ്യാറാക്കേണ്ടത്. ബാക്കി തുക പൊതുസമൂഹത്തില്‍ നിന്നും കണ്ടെത്തേണ്ടതുണ്ട്.
പെരിങ്ങോട്ടുകുറുശി എം.ആര്‍.എസ് സ്‌കൂള്‍ ആണ് തരൂര്‍ മണ്ഡലത്തില്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന വിദ്യാലയം. അടിസ്ഥാന സൗകര്യ വികസനത്തിന് തിരഞ്ഞെടുത്ത സ്‌കൂളിന് മൂന്നുകോടി രൂപ നല്‍കും. എല്‍.പി, യു.പി തല വിദ്യാഭ്യാസ വികസന പദ്ധതികളും ഇതോടൊപ്പമുണ്ട്.
സാധാരണ സര്‍ക്കാര്‍ നിലപാടില്‍ നിന്നു വിരുദ്ധമായി എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അവര്‍ തയ്യാറാക്കുന്ന മാസ്റ്റര്‍പ്ലാനിന്റെ പകുതി തുക സര്‍ക്കാര്‍ നല്‍കും.
മണ്ഡലം തല കമ്മിറ്റി രൂപീകരണത്തിന് ശേഷം തദ്ദേശ സ്വയംഭരണ തല വിദ്യാഭ്യാസ സമിതികളും വിദ്യാലയ വികസന സമിതികളും രൂപീകരിക്കണം. സ്‌കൂള്‍ വികസന കമ്മറ്റികള്‍ ക്രിയാത്മകമായി പ്രവര്‍ത്തനം തുടങ്ങിയാല്‍ പദ്ധതി ലക്ഷ്യം കാണാനാവും.
ഏപ്രില്‍ 30 നകം സ്‌കൂളുകള്‍ മാസ്റ്റര്‍ പ്ലാന്‍ നല്‍കേണ്ടതുണ്ട്. അതിന് മുന്നോടിയായി പഞ്ചായത്ത്-സ്‌കൂള്‍ തലങ്ങളില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള കമ്മിറ്റികള്‍ നിലവില്‍ വരണം. ഇത്തരം കമ്മറ്റികള്‍ നല്ല ജന പങ്കാളിത്തത്തോടെ വേണം രൂപീകരിക്കാന്‍ എന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തില്‍ നടപ്പാക്കിയ മികവ് പദ്ധതിയുമായി യോജിച്ചുകൊണ്ടുവേണം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കാനെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."