ചക്ക, മാങ്ങ, ഈന്തപ്പഴം ഫെസ്റ്റ് ഇന്നുമുതല്‍
കൊച്ചി: എറണാകുളം കാര്‍ഷിക പ്രോത്സാഹന സൊസൈറ്റിയുടെ (എ.പി.എസ്) ആഭിമുഖ്യത്തില്‍ പഴവര്‍ഗങ്ങളുടെ പ്രദര്‍ശന വിപണന മേള 'ചക്ക മാങ്ങ ഈന്തപ്പഴം ഫെസ്റ്റ് ' മറൈന്‍ഡ്രൈവില്‍ ഇന്നു മുതല്‍ 28 വരെ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ഹൈബി ഈഡന്‍ എം.എല്‍.എയും ചലച്ചിത്രതാരം ആന്‍വി അന്നയും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യും. റമദാന്‍ പ്രമാണിച്ച് ഈന്തപ്പഴ മേളയും ഒരുക്കിയിട്ടുണ്ട്. വിദേശത്ത് മാത്രം ലഭിക്കുന്നതടക്കം വിവിധ തരം ഈന്തപ്പഴങ്ങള്‍ മേളയില്‍ ലഭ്യമാകും. കേരളത്തിനകത്തും പുറത്തും വിളയുന്ന മാമ്പഴങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ പഴുപ്പിച്ച് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ചിട്ടുണ്ട്.
കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി ബദാമി, ഹിമയുദ്ദീന്‍, ഒലൊര്‍ സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പുരി, സിന്ധൂരി, നൗരസ്, സുവല്‍രേഖ തുടങ്ങി നൂറോളം വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. അന്‍പതോളം വ്യത്യസ്ത തരം വാഴപ്പഴങ്ങളുടെ പ്രദര്‍ശനവും നൂറോളം വാഴ വിഭവങ്ങളുമാണ് മേളയുടെ പ്രത്യേകതയെന്ന് അഗ്രിക്കള്‍ച്ചര്‍ പ്രമോഷണല്‍ സൊസൈറ്റി സെക്രട്ടറി ഷമീര്‍ വളവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാഴപ്പഴം, വാഴനാര്, വാഴക്കൂമ്പ് എന്നിവയുടെ വ്യത്യസ്ത രുചിക്കൂട്ടുകള്‍ മേളയില്‍ പരിചയപ്പെടുത്തും.
പാചക മത്സരങ്ങളും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും തീറ്റമത്സരവും കലാപരിപാടികളും മേളയോടനുബന്ധിച്ച് നടക്കും. സംസ്ഥാനത്തെ വാഴക്കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കുന്ന തരത്തില്‍ തദ്ദേശീയ വാഴപ്പഴങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം. പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് സൗജന്യവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."