പീതാംബരന്‍ മാസ്റ്ററുടെ നവതി ആഘോഷത്തിന് നാടൊരുങ്ങുന്നു
പള്ളുരുത്തി: കേരളത്തിന്റെ പൊതുജീവിതത്തിലെ നിറസാന്നിധ്യമായ പീതാംബരന്‍ മാസ്റ്റര്‍ക്ക് 90 തികയുന്നു. മാഷിന്റെ നവതിയാഘോഷം ഞായറാഴ്ച്ച വൈകീട്ട് പള്ളുരുത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അധികാര രാഷ്ടീയത്തിന്റെ വഴികളില്‍ നിന്നും മാറി നടന്ന പീതാംബരന്‍ മാസ്റ്റര്‍ എല്ലാ കാലത്തും സോഷ്യലിസത്തിന്റെ പാതയില്‍ സഞ്ചരിച്ച വ്യക്തിയായിരുന്നു. അലക്കിത്തേച്ച ഖദര്‍ കുപ്പായത്തിന്റെ വിശുദ്ധി പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ പീതാംബരന്‍ മാഷ് ശ്രമിച്ചു. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള പീതാംബരന്‍ മാഷ് രാഷ്ട്രീയം അധ്യാപനവും ഒരു പോലെ കൊണ്ടു നടന്നയാളാണ്.
1948 മുതല്‍ അദ്ദേഹം അധ്യാപകനായിരുന്നു. പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂളിലെ അധ്യാപകനായിരുന്ന കാലത്ത് തന്നെ അദ്ദേഹം ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും സജീവമായി. രാം മനോഹര്‍ ലോഹ്യ, ആചാര്യ നരേന്ദ്ര യാദവ്, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ പാത പിന്‍തുടര്‍ന്നായിരുന്നു മാഷിന്റെ പൊതുപ്രവര്‍ത്തനം. കൊച്ചി തുറമുഖം ഉള്‍പ്പെടെയുള്ള വ്യവസായ കേന്ദ്രങ്ങളില്‍ അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി. സ്‌കൂളിലെ ജോലി കഴിഞ്ഞ് സൈക്കിളില്‍ അദ്ദേഹം മട്ടാഞ്ചേരിയിലെത്തി തൊഴിലാളി പ്രവര്‍ത്തനം നടത്തി.1 962 മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി.
64 മുതല്‍ 78 വരെ ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നു. ഇതിനിടയില്‍ 64ല്‍ പള്ളുരുത്തി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 69ല്‍ കൊച്ചി കോര്‍പറേഷന്‍ രൂപീകരിച്ചപ്പോള്‍ കൗണ്‍സിലറായി. പത്ത് വര്‍ഷത്തോളം കൗണ്‍സിലറായിരുന്നു. 1980ല്‍ പള്ളുരുത്തിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1999 മുതല്‍ അദ്ദേഹം എന്‍.സി.പിയുടെ ദേശീയ സെക്രട്ടറിയായി. ശരത് പവാറിന്റെ വിശ്വസ്തനായിരുന്നു മാഷ് ഇപ്പോഴും ഇതേ സ്ഥാനത്ത് തുടരുന്നു. ഒരിക്കല്‍ മാഷിനെ ഗവര്‍ണറാക്കാന്‍ ശരത് പവാറും എന്‍.സി.പിയുടെ ഉന്നത നേതാക്കളും തീരുമാനിച്ചു. എന്നാല്‍ ഗവര്‍ണറായാല്‍ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞു പോകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."