പൊടിയില്‍ മുങ്ങി സഊദി: വ്യോമ, നാവിക ഗതാഗതം താറുമാറായി
റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം ജനജീവിതം ദുസ്സഹമാക്കി. ഏതാനും ദിവസങ്ങളായി ലിബിയന്‍ മരുഭൂമിയെ വിഴുങ്ങിയ 'മദാര്‍' കാറ്റ് ഈജിപ്ത് വഴി കടന്നാണ് സഊദിയിലെത്തിയത്. രണ്ട് ദിവസമായി തുടരുന്ന പൊടിക്കാറ്റ് മൂലം സഊദിയിലെ വിവിധ പ്രവിശ്യകള്‍ പൊടിയില്‍ മുങ്ങിയപ്പോള്‍ ചിലയിടങ്ങളില്‍ ശമനമായി ചാറ്റല്‍ മഴയും ഉണ്ടായി. ചില മേഖലകളില്‍ ദൂരക്കാഴ്ച നന്നേ കുറവായിരുന്നതിനാല്‍ ഗതാഗതത്തെയും ബാധിച്ചു.
ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ കപ്പലുകളുടെ സഞ്ചാരത്തെയും പൊടിക്കാറ്റ് ബാധിച്ചു. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറവായതിനാല്‍ കപ്പലുകളുടെ നീക്കം നിര്‍ത്തിവെച്ചതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചിരുന്നു. കൂടാതെ, വിമാന സര്‍വീസുകളെയും പൊടിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖല, കിഴക്കന്‍ പ്രവിശ്യ, മക്ക, യാമ്പു, ത്വാഇഫ് എന്നീ പ്രദേശങ്ങളും പൊടിയില്‍ മുങ്ങി. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെയും കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥ വകുപ്പിെന്റ മുന്നറിയിപ്പിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖകങ്ങളും വ്യാപകമായിട്ടുണ്ട്. ശ്വാസകോശ രോഗമുള്ളവര്‍ പുറത്തിറങ്ങരുതെന്നും അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും സഊദി റെഡ്ക്രസന്റ് അറിയിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ വകുപ്പ് , ട്രാഫിക്, റെഡ്ക്രസന്റ്, ആരോഗ്യവകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അടിയന്തിരഘട്ടം നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊടിക്കാറ്റ് അനുഭവപ്പെടുന്ന മേഖലയിലെ റോഡുകളിലെ വാഹന ഗതാഗതം പരമാവധി കുറക്കണമെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഹമ്മദി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."