അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടഞ്ഞുതന്നെ
നീലേശ്വരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. മലയോര മേഖലയിലേതുള്‍പ്പെടെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവിടെ നിലവില്‍ സ്ത്രീരോഗ വിഭാഗത്തില്‍ ഒരു ഡോക്ടറാണുള്ളത്. അവര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ജില്ലാ ആശുപത്രിയിലും ചുമതലയുണ്ട്.
പ്രസവ വാര്‍ഡിനായി ഇവിടെ പ്രത്യേകകെട്ടിടം തന്നെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രസവ ശുശ്രൂഷയ്‌ക്കെത്തുന്നവരെ ഇവിടെ നിന്ന് അകറ്റുന്നു. പ്രസവവാര്‍ഡും പ്രസവമുറിയും ചേര്‍ന്ന കെട്ടിടമാണുള്ളത്. എന്നാല്‍ ഒരു ഡോക്ടര്‍ മാത്രമായതിനാല്‍ 24 മണിക്കൂര്‍ സേവനം ലഭ്യമല്ല.
പ്രസവചികിത്സയുള്ള താലൂക്ക് ആശുപത്രികളില്‍ മൂന്നു ഡോക്ടര്‍മാരുടെയെങ്കിലും സേവനം ആവശ്യമാണ്. അടിയന്തിര ഘട്ടങ്ങളില്‍ സിസേറിയന്‍ നടത്താന്‍ ഓപ്പറേഷന്‍ തിയറ്ററോ അനസ്‌ത്യേഷിസ്റ്റോ ഇവിടെയില്ല. കൂടുതല്‍ നഴ്‌സുമാരും ഇവിടേക്കാവശ്യമാണ്.
ഗര്‍ഭിണികളായ രോഗികള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ സ്‌കാനിങ്ങിനാവശ്യമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
എക്‌സറേ മുറിയും എക്‌സറേ ഉപകരണങ്ങളും എത്തിയിട്ടുണ്ടെങ്കിലും അവ ഇതുവരെയായും പ്രവര്‍ത്തനക്ഷമമാക്കാത്ത സ്ഥിതിയുമുണ്ട്. വൈദ്യുതി പോകുന്ന ഘട്ടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായി ജനറേറ്ററുമില്ല.
മറ്റു വിഭാഗങ്ങളില്‍ മികച്ച ചികിത്സ ലഭിക്കുമ്പോഴും അധികൃതര്‍ പ്രസവ വാര്‍ഡിനോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."