കുണ്ടറ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല; പെണ്‍കുട്ടിയെ പ്രതിയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന്
കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി മരണപ്പെട്ട കേസില്‍ പ്രതിയായ മുത്തച്ഛന്‍ പിടിയിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. സംഭവം കൊലപാതകമാണെന്നും തന്റെ ഭാര്യാപിതാവായ വിക്ടറും അയാളുടെ മകനും ചേര്‍ന്നു കൊന്നതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടിയുടേതെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണ്. മകള്‍ക്ക് പഴയ ലിപി അറിയില്ല. നുണ പരിശോധന ഭയന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സലിങ് നടത്തിയില്ലെന്നും കൗണ്‍സലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
തെളിവെടുപ്പിനിടെ പ്രതിയെ
നാട്ടുകാര്‍ കൈയേറ്റം ചെയ്തു
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുത്തച്ഛന്‍ വിക്ടറിനെ ഇന്നലെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലിസിനെ തള്ളിമാറ്റി നാട്ടുകാര്‍ കൈയേറ്റം ചെയ്തു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ കടുത്ത പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. രാവിലെ പത്തോടെ വിക്ടറിന്റെയും പെണ്‍കുട്ടി മരിച്ചതായി കണ്ടെത്തിയ വീട്ടിലും പൊലിസ് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇതോടെ തെറിവിളിച്ച് നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ ഇയാളെ മര്‍ദിച്ചത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് വന്‍ ജനാവലിയായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസും നന്നേ പാടുപെട്ടു. ഒടുവില്‍ നാട്ടുകാരെ പൊലിസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. തുടര്‍ന്നു കനത്ത സുരക്ഷയിലാണ് പ്രതിയെ പൊലിസ് കൊല്ലം സി.ജെ.എം കോടതി(ഒന്ന്)യില്‍ ഹാജരാക്കിയത്. കോടതി വളപ്പിലും പ്രതിക്ക് നേരെ നാട്ടുകാരുടെ അസഭ്യവര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."