'ഠ'വട്ടത്തില്‍ പരപ്പ വില്ലേജ് ഓഫിസ്; അധികഭാരം ചുമന്ന് ജീവനക്കാര്‍
സ്വന്തം ലേഖകന്‍
പരപ്പ: വെള്ളരിക്കുണ്ട് താലൂക്കിനു കീഴിലുള്ള പരപ്പ വില്ലേജ് ഓഫിസ് പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. ഇടുങ്ങിയ രണ്ടു മുറികളാണ് ഓഫിസ് കെട്ടിടത്തിനുള്ളത്. ഒന്ന് വില്ലേജ് ഓഫിസര്‍ക്കുള്ളതും മറ്റേത് ജീവനക്കാര്‍ ഇരിക്കുന്നതും. രണ്ടു മുറികളിലും വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. നിലവില്‍ റീസര്‍വേയുടെ ഭാഗമായി അപ് ലോഡ് ചെയ്ത വിവരങ്ങളില്‍ തെറ്റു സംഭവിച്ചതിനാല്‍ അതു തിരുത്താനെത്തുന്നവരുടെ തിരക്കുമുണ്ട്.
ഇരിക്കാനുള്ള സ്ഥലം പോലുമില്ലാത്തതിനാല്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം നില്‍ക്കേണ്ട സ്ഥിതിയാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ബീം വിള്ളല്‍ വീണ നിലയിലുമാണ്. മഴക്കാലം വരുന്നതോടെ ചോര്‍ന്ന് കംപ്യൂട്ടറുകളും ഫയലുകളും നനയുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. നിലവില്‍ ജീവനക്കാരുടെ കുറവും ഇവിടെയുണ്ട്.
വില്ലേജ് അസിസ്റ്റന്റിന്റെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായി. ഇതുവരെയായും പുതിയ നിയമനം നടന്നിട്ടില്ല. ആ ജോലി കൂടി വില്ലേജ് ഓഫിസര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
വില്ലേജ് അസിസ്റ്റന്റ് ഇല്ലാത്തതിനാല്‍ പലപ്പോഴും ഫീല്‍ഡില്‍ പോയി ചെയ്യേണ്ട കാര്യങ്ങള്‍ വൈകുന്ന സ്ഥിതിയുമുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള സമയമായതിനാല്‍ ജാതി, വരുമാനം, നാറ്റിവിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ രാത്രികാലങ്ങളില്‍ കൂടി ജോലിയെടുത്താണ് ജീവനക്കാര്‍ ലഭ്യമാക്കുന്നത്.
കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, ബളാല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ പരപ്പ വില്ലേജിന്റെ പരിധിയിലാണ്. കെട്ടിടത്തിന്റെ ദുരവസ്ഥയും ജീവനക്കാരുടെ കുറവും പരിഹരിച്ച് ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."