മണിപ്പൂരി ജനത ധനബലത്തിലും പേശീബലത്തിലും മയങ്ങി: ഇറോം ശര്‍മിള
തിരുവനന്തപുരം: മണിപ്പൂരി ജനത ധനബലത്തിലും പേശീബലത്തിലും മയങ്ങിപ്പോയെന്ന് ഇറോം ശര്‍മിള. സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അവര്‍ ഇനിയും അറിവ് നേടേണ്ടതുണ്ടെന്നും കേസരി ഹാളില്‍ മീറ്റ് ദി പ്രസില്‍ അവര്‍ പറഞ്ഞു.
ഒരു കരിനിയമത്തിനെതിരേ ദീര്‍ഘകാലം പോരാട്ടം നടത്തിയിട്ടും അക്കാര്യം അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. ഇതല്ല അവരില്‍ നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ പോരാട്ടം അവസാനിപ്പിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണത്. താന്‍ എതിര്‍ക്കുന്ന നിയമത്തിന്റെ യഥാര്‍ഥ മുഖം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. സമരശേഷിയും ഉത്തരവാദിത്തവും തുടര്‍ന്നും ഉപയോഗപ്പെടുത്തും. എന്നാല്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ല.
മണിപ്പൂരില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. ബി.ജെ.പിയും കോണ്‍ഗ്രസും അഴിമതിക്കാരുടെ പാര്‍ട്ടികളാണ്. തെരഞ്ഞെടുപ്പില്‍ സി.പി.എം തനിക്കു നല്‍കിയ പിന്തുണ വോട്ട് കുറയാന്‍ കാരണമായെന്ന് കരുതുന്നില്ല. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. അതിനെ രാഷ്ട്രീയമായല്ല കാണുന്നത്. അംഗീകാരമായാണ്. മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്.
അഫ്‌സ്പ പോരാട്ടത്തിന്
സി.പി.എം പിന്തുണതേടി ഇറോം
തിരുവനന്തപുരം: സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരേ (അഫ്‌സ്പ) പോരാടുന്ന മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. അഫ്‌സ്പ പിന്‍വലിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് സി.പി.എമ്മിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് ഇറോം എത്തിയത്.
ഇന്നലെ രാവിലെ എ.കെ.ജി സെന്റിലെത്തിയ അവര്‍ കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മണിപ്പൂരിലെ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ശര്‍മിള എത്തിയതെന്നും തീര്‍ച്ചയായും പിന്തുണയുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."