സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് തുടക്കം
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് കണ്ണൂരില്‍ തുടക്കം. കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ നേട്ടം ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള കാലം എല്ലാവരും ഓര്‍ക്കണം. അപമാനഭാരം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയായിരുന്നു രണ്ടുവര്‍ഷം മുന്‍പ്. കേരളത്തില്‍ പ്രഖ്യാപനം മാത്രമേയുള്ളൂവെന്ന കാലത്തിനു മാറ്റംകൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ജനത്തിന്റെ മനോഗതിയില്‍ മാറ്റമുണ്ടായി.
ഇവിടെ ചിലതു നടക്കുമെന്നു വന്നപ്പോള്‍ നാടിനാകെ പ്രതീക്ഷ കൈവന്നു. അഴിമതിയില്‍ തലകുനിക്കേണ്ട അവസ്ഥയില്‍നിന്ന് അഴിമതിരഹിത സംസ്ഥാനമായി കേരളം മാറി. ഏതെങ്കിലുമൊരു മേഖലയിലെ വികസനത്തിനുപകരം സര്‍വസ്പര്‍ശിയായ വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. 2,25,500 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കി. പുരയിട കൃഷിയും ജൈവകൃഷിയും പുതിയ മാറ്റങ്ങളാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും വന്‍ പുരോഗതിയുണ്ടായി. ഈവര്‍ഷവും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ.കെ ശൈലജ, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ ശശീന്ദ്രന്‍, പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, സി. കൃഷ്ണന്‍, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കലക്ടര്‍ മീര്‍ മുഹമ്മദലി സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."