വ്രതവിശുദ്ധിയില്‍ ആദ്യ വെള്ളി; ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍
മലപ്പുറം: വ്രതവിശുദ്ധിയുടെ നിറവില്‍ റമദാനിലെ ആദ്യവെള്ളിയാഴ്ച പള്ളികള്‍ പ്രാര്‍ഥനാനിര്‍ഭരമായി. ഇന്നലെ ജുമുഅക്ക് വളരെ മുന്‍പ് തന്നെ പള്ളികളിലെത്തിയ വിശ്വാസികള്‍ മനസും ശരീരവും ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിച്ചു ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഖരിതമായി.
ചിലയിടങ്ങളില്‍ നിസ്‌കാരം പള്ളിക്ക് പുറത്തേക്ക് നീണ്ടു. ഐച്ഛിക നിസ്‌കാരം വര്‍ധിപ്പിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയുമാണ് വിശ്വാസികള്‍ ആദ്യ വെള്ളിയാഴ്ചയെ ധന്യമാക്കിയത്. ജുമുഅ നിസ്‌കാര ശേഷം പള്ളികളില്‍ ഉദ്‌ബോധന പ്രസംഗവും നടന്നു. റമദാനിന്റെ ചൈതന്യം ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ചു ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.
ഇത്തവണ രണ്ടാം നോമ്പില്‍ തന്നെ ആദ്യ ജുമുഅയില്‍ പങ്കെടുക്കാനായതിലുള്ള സന്തോഷത്തിലായിരുന്നു വിശ്വാസികള്‍. മുപ്പത് നോമ്പ് ലഭിച്ചാല്‍ ഇത്തവണ റമദാനില്‍ അഞ്ചുവെള്ളിയാഴ്ച ലഭിക്കും. 29 നു മാസപ്പിറവി ദര്‍ശിച്ചാല്‍ അഞ്ചാം വെള്ളി പെരുന്നാളാഘോഷവുമായിരിക്കും. റമദാനിലെ ആദ്യപത്തുദിനങ്ങള്‍ കാരുണ്യത്തിന്റെ സവിശേഷ ദിനങ്ങളാണ്. പാപമോചനം,നരകമോചനം എന്നിവയുടെ പത്തുനാളുകളാണ് തുടര്‍ന്നുള്ള ദിനങ്ങള്‍. റമദാന്‍ 17ന് ബദര്‍ദിനമാണ്. ആയിരം മാസത്തേക്കാള്‍ പ്രതിഫലമുള്ള ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണയ രാവ്) റമദാനില്‍ പ്രതീക്ഷിക്കുന്നു. പള്ളികളില്‍ ഭജനമിരുന്നും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും റമദാന്‍ ദിനങ്ങളെ അര്‍ഥപൂര്‍ണമാക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇഫ്താര്‍ വിരുന്നുകള്‍, ആത്മസംസ്‌കരണ പരിപാടികള്‍ തുടങ്ങിയവയാല്‍ ഇനിയുള്ള ദിനങ്ങള്‍ സജീവമാകും. ഇന്നലെ ജുമുഅ നിസ്‌കാര ശേഷം ആതുര സേവനത്തിനായി എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫിലേക്കുള്ള ഫണ്ട് ശേഖരണവും പള്ളികളില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."