ഏകജാലകം ഒന്നിച്ച്; ഇ-സേവന കേന്ദ്രങ്ങള്‍ക്ക് ചാകര
മലപ്പുറം: ഏകജാലകങ്ങള്‍ ഒന്നിച്ചെത്തിയതോടെ ജില്ലയിലെ ഇ - സേവന കേന്ദ്രങ്ങള്‍ക്ക് ചാകര. ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശന അപേക്ഷകള്‍ക്കുപിന്നാലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ അപേക്ഷ കൂടി തുടങ്ങിയതോടെയാണ് ഇ-സേവന കേന്ദ്രങ്ങളില്‍ തിരക്കുവര്‍ധിച്ചത്.
എട്ടിനു തുടങ്ങിയ പ്ലസ് വണ്‍ അപേക്ഷ നാളത്തോടെ അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പുറത്തുവരാത്ത സാഹചര്യത്തില്‍ അപേക്ഷിക്കാനുള്ള സമയപരിധി 30 വരെ നീട്ടുകയായിരുന്നു. പ്ലസ് അപേക്ഷയുടെ സമാനരീതിയില്‍ തന്നെയാണ് വര്‍ഷങ്ങളായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിരുദ പ്രവേശനവും നടക്കുന്നത്.
സര്‍വകലാശാലക്ക് കീഴിലുള്ള 288 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്കുള്ള അപേക്ഷ ഇന്നലെ സ്വീകരിച്ചുതുടങ്ങി. 30 വരെ ഫീസ് അടക്കാനും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുമാണ് അവസരം.
അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലെ കനത്ത തിരക്കു കാരണം ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് സ്വകാര്യ ഇ സേവന കേന്ദ്രങ്ങളെയും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുദ്ദേശിച്ച് അക്ഷയ കേന്ദ്രങ്ങളിലെ അപേക്ഷ ഫീസ് ഏകീകരിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."