അമ്മ നഷ്ടപ്പെട്ട കുട്ടിയാന ഇനി കോട്ടൂര്‍ ആനത്താവളത്തിലെ അന്തേവാസി
രാജാക്കാട്: അമ്മയുടെ ആകസ്മിക മരണത്തെത്തുടര്‍ന്ന് മുലപ്പാലിന്റെ മാധുര്യവും മാതൃത്വത്തിന്റെ പരിലാളനയും സംരക്ഷണവും അകാലത്തില്‍ നഷ്ടപ്പെട്ട ചിന്നക്കനാലിലെ കുറുമ്പന്‍ കുട്ടിയാന ഇനി കോട്ടൂര്‍ ആനത്താവളത്തിലെ അന്തേവാസി.
കേവലം നാലു മാസം മാത്രം പ്രായമുള്ള കുട്ടിയാനയെത്തേടി കാട്ടാനകള്‍ എത്താതിരുന്നതിനാല്‍ ഇന്നലെ വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ വനംവകുപ്പിന്റെ തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ചിന്നക്കനാല്‍ വിലക്ക് ഭാഗത്തുനിന്നം കുട്ടിയാന ചിന്നക്കനാല്‍ ടൗണിലെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ അന്ന് വൈകിട്ടോടെ സിങ്ങുകണ്ടം സിമന്റുപാലത്തിനു സമീപത്തെ വനാതിര്‍ത്തിയിലുള്ള താല്‍ക്കാലിക കൂട്ടിലേക്ക് മാറ്റി സംരക്ഷിച്ചു വരികയായിരുന്നു. കുട്ടിയെ അന്വേഷിച്ച് അമ്മയോ മറ്റാനകളോ എത്താതിരുന്നതിനാല്‍ അമ്മയെ തിരക്കി വനപാലകരും ഗാര്‍ഡുമാരും നാട്ടുകാരും സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ചിന്നക്കനാലില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മരപ്പാലത്തെ വനത്തില്‍ ഇരുപത്തിയഞ്ച് വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയിരുന്നു.
ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതിനാലും,മുലയൂട്ടുന്ന ലക്ഷണങ്ങള്‍ ഉള്ളതിനാലും നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയാണെന്ന് ഉറപ്പിക്കുകയും,കോന്നിഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ സി.എസ് ജയകുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അബ്ദുള്‍ ഫത്താ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വനത്തില്‍ത്തന്നെ ദഹിപ്പിക്കുകയും ചെയ്തു.വീഴ്ച്ചയുടെ ആഘാതമൊ, മറ്റാനകളുമായി ഏറ്റുമുട്ടലുണ്ടായതോ ആകാം മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
താല്‍ക്കാലിക താവളത്തില്‍ വനപാലകരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കുട്ടിയാനയെ ഇന്നലെയും വനം വകുപ്പിന്റെ മെഡിക്കല്‍ സംഘം പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്ന് കണ്ടിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ.കേശവന്റെ അനുമതിലഭിച്ചതോടെ കോട്ടൂരിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പിക്ക് അപ്പ് വണ്ടിയില്‍ കൂടൊരുക്കി പ്‌ളൈവുഡ്,ഹാര്‍ഡ് ബോര്‍ഡ് എന്നിവകൊണ്ട് മെത്ത തയ്യാറാക്കുകയും,റബ്ബര്‍ ട്യൂബുകള്‍ തലയണകള്‍ എന്നിവകൂടി സജ്ജീകരിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുകയും ചെയ്തു.
ലാക്ടോജന്‍,പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഹാരവും കരുതിയിട്ടുണ്ട്. ഡോ.സി.എസ്.ജയകുമാര്‍, കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ വെറ്ററിനറി ഓഫീസര്‍ ഡോ.ദയാമോന്‍, മൂന്നാര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍,സെക്ഷന്‍ ഫോറസ്റ്റര്‍മാരായ കെ.കെ വിനോദ്,കെ.എസ് അനില്‍കുമാര്‍ എന്നിവരും വാഹനത്തെ അനുഗമിച്ചു. ജനിച്ചവീണ നാടും കൂട്ടവും വിട്ട് പുതിയ താവളത്തിലേയ്ക്ക് പറിച്ചുനടപ്പെടുന്ന കുട്ടിക്കുറുമ്പനെ യാത്രയാക്കുവാന്‍ പരിസരവാസികളും എത്തിയിരുന്നു.
്്‌ദേവികുളം റേഞ്ച് ഓഫീസര്‍ നെബു കിരണിന്റെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ ബീറ്റ് ഫോറസ്റ്റര്‍മാരായ ഷൈജു,രാജന്‍,സജ്ജയന്‍, പൊന്മുടി സെക്ഷന്‍ ഫോറസ്റ്റര്‍ ടി.ഡി അനില്‍കുമാര്‍,വനംവകുപ്പ് വാച്ചര്‍മാര്‍,ദേവികുളം റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരടങ്ങുന്ന സംഘം നാലു ദിവസത്തോളം രാപകല്‍ പരിശ്രമമാണു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."