പശുസംരക്ഷണത്തിന്റെ മറവില്‍ വീണ്ടും കൊല; സത്‌നയില്‍ 45കാരനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം രാജ്യത്തു വീണ്ടും പശുസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ അംഗര്‍ ഗ്രാമത്തിലെ മുഹമ്മദ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. റിയാസിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷക്കീല്‍ (33) എന്നയാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ബന്ദേര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ: റിയാസും ഷക്കീലും ഉള്‍പ്പെടെ നാലുപേര്‍ പശുക്കളെയും കൊണ്ടുവരികയായിരുന്നു. ഇത് ഏതാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കണ്ടു. ഇവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടുമ്പോഴേക്കും വാഹനത്തിലുണ്ടായിരുന്ന റിയാസും ഡ്രൈവര്‍ ഷക്കീലും ഒഴികെയുള്ളവര്‍ ഓടിമറഞ്ഞു. അപ്പോഴേക്കും തടിച്ചുകൂടിയ സംഘപരിവാര്‍ ആള്‍ക്കൂട്ടം റിയാസിനെയും ഷക്കീലിനെയും വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഗ്രാമീണര്‍ അറിയിച്ചതു പ്രകാരം പൊലിസ് എത്തിയപ്പോഴേക്കും റിയാസ് മരിച്ചിരുന്നു. ഗുരതരമായി പരുക്കേറ്റ ഷക്കീലിനെ പൊലിസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി സത്‌ന ജില്ലാ പൊലിസ് സൂപ്രണ്ട് രാജേഷ് ഹിംഗാന്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്നു പാക്ക്‌ചെയ്ത കാളയിറച്ചി ലഭിച്ചതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."