വനിതകള്‍ക്ക് ആരോഗ്യരക്ഷാ പദ്ധതിയുമായി കുടുംബശ്രീ; ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: 'സ്ത്രീകളുടെ ആരോഗ്യം നാടിന്റെ നന്മയ്ക്ക് ' പ്രമേയത്തില്‍ കുടുംബശ്രീ ജില്ലാ മിഷനും എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യരക്ഷാ പദ്ധതിക്കു തുടക്കമാകും. ജില്ലയില്‍ കുടുംബശ്രീയുടെ വിവിധ തലങ്ങളിലെ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമായി 'ഷീ കെയര്‍' എന്ന പേരിലാണു പദ്ധതി നടപ്പാക്കുന്നത്.
2,000ത്തില്‍പ്പരം ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഇന്നു മുതല്‍ 2017 ജൂണ്‍ 27 വരെ മലബാര്‍ ആശുപത്രിയില്‍ നിന്നു സൗജന്യ വൈദ്യപരിശോധനയും മറ്റു സേവനങ്ങളും ലഭ്യമാക്കും. ഇതിനായി പദ്ധതിയിലെ അംഗങ്ങള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തിനു കീഴില്‍ വരുന്ന ജീവനക്കാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സനുമാര്‍, വൈസ് ചെയര്‍പേഴ്‌സനുമാര്‍, അക്കൗണ്ടന്റ്, എന്‍.യു.എല്‍.എം കമ്മ്യൂനിറ്റി ഓര്‍ഗനൈസര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍, ന്യൂട്രിമിക്‌സ് സംരംഭകര്‍, കുടുംബശ്രീ ഓഡിറ്റര്‍മാര്‍, കാദംബരി, ഖര മാലിന്യ തൊഴിലാളികള്‍, ക്ലീന്‍ ഡെസ്റ്റിനേഷന്‍ തൊഴിലാളികള്‍, എസ്.ടി ആനിമേറ്റര്‍മാര്‍, റിസോഴ്‌സ് പേഴ്‌സനുമാര്‍, ഐ.ടി-സാന്ത്വനം യൂനിറ്റുകളിലെ അംഗങ്ങള്‍ എന്നിവരാണു പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചിന് കോഴിക്കോട് മലബാര്‍ ആശുപത്രിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."