അഴിമതിക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: അഴിമതിക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനായി കോഴിക്കോട് കോര്‍പറേഷനില്‍ ആരംഭിച്ച സുവേഗ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്‌നം അനുഭവിക്കുന്നവര്‍ അത് ഉന്നയിക്കാന്‍ ധൈര്യം കാണിക്കാത്ത അവസ്ഥ മാറിയിട്ടുണ്ട്. അഴിമതി ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പ്രശ്‌നം നേരിടന്നവര്‍ക്ക് ധൈര്യമായി പരാതിപ്പെടാം. കൃത്യമായ പരിശോധന നടത്തി അഴിമതി നടത്തിയെന്ന് വ്യക്തമായാല്‍ ഉദ്യോഗസ്ഥരുടെ മാനവും പോകും ജോലിയും പോകും. സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടിയും വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഴിമതി നടത്തില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്രതമെടുക്കണം. രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ എല്ലായിടത്തും അഴിമതി ഇല്ലാതായി എന്ന് പറയാനാകില്ല. ജനങ്ങള്‍ ഇപ്പോഴും ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ചില മേഖലകളില്‍ ഇപ്പോഴും വലിയ തോതില്‍ അഴിമതിയുണ്ട്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട അഴിമതി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ ഭാഗത്തുനിന്നുണ്ടാകുന്നവയ്ക്ക് പൂര്‍ണമായ പരിഹാരമായിട്ടില്ല. ഭൂരിപക്ഷം ഉദ്യോഗസ്ഥരും അഴിമതി തീണ്ടാത്തവരാണെങ്കിലും ഒരു വിഭാഗം അന്തസില്ലാത്തവര്‍ ഉണ്ട്. പിടിച്ചുപറി സംസ്‌കാരത്തിന്റെ ഭാഗമായ അന്തസില്ലാത്തവത്തവരാണ് ഈ ദുഷ്‌പേര് കേള്‍പ്പിക്കുന്നത്.
അഴിമതി അവകാശമാണെന്ന് കരുതുന്നവരാണ് ഇവര്‍. അഴിമിതി നടത്താത്തവരുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫിസുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരില്‍ ചിലര്‍ ആളുകളെ ദ്രോഹിക്കുന്നത് അവകാശമായി കാണുന്നവരാണ്.
ജീവിക്കാനാവശ്യമായ വരുമാനം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ശീലിക്കണം. അഴിമതി പാടില്ലെന്ന് പറയുമ്പോള്‍ ചിലര്‍ ഊറിച്ചിരിക്കുകയാണ്. പുതിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്. പരിശോധന ശക്തമായതുകൊണ്ട് നേരിട്ട് പണം വാങ്ങുന്ന സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട്. പകരം വക്താക്കളും അടയാളങ്ങളുമുണ്ട്. ഇതൊന്നും ആര്‍ക്കും അറിയില്ലെന്നാണ് അവരുടെ വിചാരം.
രഹസ്യമായി ചെയ്യുന്നത് നാട്ടില്‍ പരസ്യമാണ്. അങ്ങനെയുള്ളവര്‍ നേരായ മാര്‍ഗം സ്വീകരിക്കാന്‍ തയാറാകണം. സാഡിസ്റ്റ് മനോഭാവത്തോടെ ഓഫിസിലെത്തുന്നവരോട് പെരുമാറരുത്. ജനങ്ങളെ ദ്രോഹിക്കാനല്ല ശമ്പളം നല്‍കുന്നത്. ഈ രീതി മാറിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."