ഈ വര്‍ഷം സ്‌കൂളുകളില്‍ 201 പ്രവൃത്തിദിനങ്ങള്‍
തിരുവനന്തപുരം: പ്രവൃത്തിദിനങ്ങള്‍ 201 ആയി നിശ്ചയിച്ച് ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത എട്ടു ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ജൂണ്‍ ഒന്നിനുതന്നെ സ്‌കൂളുകള്‍ തുറക്കുന്നതും വിദ്യാഭ്യാസ കലണ്ടറില്‍ ചേര്‍ത്തിട്ടുണ്ട്. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 30 മുതല്‍ ആരംഭിക്കും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 20 വരെ ആയിരിക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷികപരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 25 വരെയും നടക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5, 6, 7, 8, 9 തിയതികളില്‍ ആലപ്പുഴയില്‍ നടക്കും. സെപ്റ്റംബറില്‍ സ്‌കൂള്‍തല കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ മാസത്തില്‍ സബ് ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.
2018-19 അക്കാദമിക് വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ പഠനപ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തിയശേഷം വിദ്യാര്‍ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 28 വരെ പ്രത്യേക പരിശീലനം നല്‍കി എസ്.എസ്.എല്‍.സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."