മാജിക്കിലൂടെ പഠനം രസകരമാക്കാം: അധ്യാപകര്‍ക്ക് പരിശീലനം നല്‍കി
വടകര: അധ്യാപകരെ മാന്ത്രികരാക്കി പഠനം രസകരമാക്കുന്ന വിദ്യയുമായി മജീഷ്യന്‍ സനീഷ് വടകര രംഗത്ത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'പഠനം മാന്ത്രികം' ശില്‍പശാല അത്ഭുതങ്ങളുടെയും വിജ്ഞാനത്തിന്റെയും പുതിയ അനുഭവമായി.
അറിവിന്റെയും ആനന്ദത്തിന്റെയും പുത്തന്‍ വിസ്മയാനുഭവങ്ങള്‍ പകര്‍ന്നാണ് മാജിക് സ്‌ക്വയര്‍ സ്‌കൂള്‍ ഓഫ് മാജിക്കിന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല നടത്തിയത്. പഠനപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി 25ഓളം മാജിക്കുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യഘട്ട പരിശീലനം. വിനോദത്തിലൂടെ വിജ്ഞാനം പകരാനും കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും വ്യക്തിത്വ വികസനത്തിന് ഉതകുകയും ചെയ്യുന്ന മെമ്മറി പവര്‍ മാജിക്കാണ് പ്രധാനം. കടുപ്പമേറിയ ഗണിതശാസ്ത്ര പാഠങ്ങള്‍ പ്രിയപ്പെട്ടതാക്കി മാറ്റുന്ന ഗണിതമാന്ത്രികം, ശാസ്ത്രവിസ്മയം, മനഃശാസ്ത്ര മാജിക്, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയായ 'ഒന്നും ഒന്നും ഇമ്മിണി ബല്യഒന്ന് ' ആസ്പദമാക്കിയുള്ള റോപ്പ് മാജിക്, നമ്മള്‍ ഒന്നാണെന്ന സന്ദേശമുയര്‍ത്തുന്ന ഈക്വല്‍ ആന്‍ഡ് അണ്‍ ഈക്വല്‍ മാജിക് തുടങ്ങിയവയിലും പരിശീലനം നല്‍കി. അധ്യാപകരായ സത്യനാഥന്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."