തണ്ണീര്‍ത്തടം മണ്ണിട്ടു നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
നാദാപുരം: തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കുമ്മങ്കോട് വാണിയൂര്‍ റോഡില്‍ റേഷന്‍ കടക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം നികത്താനുള്ള ശ്രമമാണ് നാട്ടുകാരും യുവജന സംഘടനകളുടെ പ്രവര്‍ത്തകരും കൂടി തടഞ്ഞത്. നെല്‍വയലോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം നേരത്തെ ചെറു ഭാഗങ്ങളായി തെങ്ങുകള്‍ വച്ച് പിടിപ്പിച്ച നിലയിലാണുള്ളത് .
ഇതിനിടയില്‍ നിരവധി നീര്‍ച്ചാലുകള്‍ ഒഴുകുന്നുണ്ട്. ഇവപൂര്‍ണമായും നികത്തി ഒറ്റ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരേക്കറിലധികം വരുന്ന ഇവിടെയുള്ള നീര്‍ച്ചാലുകള്‍ മുഴുവന്‍ നികത്തിയാല്‍ പ്രദേശത്തു മഴക്കാലത്ത് വെള്ളക്കെട്ടിനിടയാക്കുമെന്നും വേനലില്‍ കടുത്ത വരള്‍ച്ചക്കിടയാക്കുമെന്നുമാണ് നാട്ടുകാരുടെ വാദം .മാത്രമല്ല നാദാപുരത്തെ പ്രധാന ജലസ്രോതസായ പുളിക്കൂല്‍ തോട്ടിലേക്കുള്ള കൈത്തോടും ഇത് വഴിയാണ് ഒഴുകുന്നത്. ഇതും നികത്തപ്പെട്ട നിലയിലാണിപ്പോള്‍. സ്ഥലത്തെത്തിയ നാദാപുരം വില്ലേജ് ഓഫിസര്‍ ഉടമയോട് പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."