മയക്കുമരുന്ന് മാഫിയ സജീവം; പ്രധാന പ്രതികള്‍ ഇപ്പോഴും പിന്നില്‍ത്തന്നെ
ആലുവ: നഗരത്തിലും പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയകള്‍ സജീവം. നിരവധിപേര്‍ വിവിധ കേസുകളില്‍ പിടിയിലാകുമ്പോഴും പ്രധാനികള്‍ ഇപ്പോഴും മറയ്ക്ക് പിന്നില്‍ തന്നെ. ആറ് മാസത്തിനുള്ളിലായി മേഖലയില്‍ കഞ്ചാവ്-മയക്കുമരുന്ന് കേസുകളില്‍ നിരവധിപ്പേരാണ് പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുള്ളത്. എന്നാല്‍ ഈ കേസുകളിലൊന്നും തന്നെ പ്രധാന പ്രതികളൊന്നും ഇതുവരേയും പിടിയിലായിട്ടില്ല.
മയക്കുമരുന്ന് കേസുകളില്‍ ഇതിനകം പിടിയിലായത് മുഴുവന്‍ ഇടനിലക്കാര്‍ മാത്രമാണ്. ഇടനിലക്കാരെ കേസില്‍ പ്രതികളാക്കുമ്പോള്‍ മുഖ്യപ്രതികള്‍ മുഴുവന്‍ രക്ഷപ്പെടുകയാണ് കേസുകളില്‍.
പിടിയിലാകുന്ന ഇടനിലക്കാരില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവും നിസാരമായിരിക്കും. ഇതിനാല്‍ കേസ് നടപടികളില്‍ വേണ്ടത്ര ഗൗരവവും ഇല്ലാതാകും.
ഇതോടെ മയക്കുമരുന്ന് റാക്കറ്റുകള്‍ക്ക് ഇടപാട് കൂടുതല്‍ ശക്തമാക്കുവാനും സഹായകമാകും. കേസില്‍ പിടികൂടുന്നവരില്‍ വിദ്യാര്‍ത്ഥികളും ഏറെയാണ്. അന്യസംസ്ഥാനക്കാരടക്കമുള്ളവരും പ്രതികളാകാറുണ്ട്. മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ തന്ത്രപൂര്‍വ്വം ഇടനിലക്കാരെ കുടുക്കുന്നത് വ്യാപകമാണ്.
കോടിയുടെ മയക്കുമരുന്ന് വ്യാപാരമാണ് ആലുവ മേഖലയില്‍ മാത്രം നടന്നുവരുന്നത്. പിടിക്കപ്പെടുന്ന കേസുകളിലാവട്ടെ ചെറിയ ശിക്ഷകള്‍ മാത്രം ലഭിക്കുന്നതോടെ ഈ രംഗത്ത് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ സജീവമാകുകയാണ് ചെയ്യുന്നത്. കേസില്‍ പ്രധാന പ്രതികള്‍ പിടിയിലാകാത്തത് പലപ്പോഴും അന്വേഷണ സംഘത്തെ കുഴക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."