ചരിത്രം തിരുത്തി എ ഡിവിഷന് ക്രിക്കറ്റില്‍ വനിതകള്‍ പാഡണിയുന്നു
കല്‍പ്പറ്റ: കേരള ക്രിക്കറ്റിന്റെ ചരിത്രം തിരുത്താനൊരുങ്ങി രണ്ട് വനിതകള്‍. വയനാട് എ ഡിവിഷന് ക്രിക്കറ്റ് ലീഗില്‍ പുരുഷ ടീമിനായി പാഡണിഞ്ഞാണ് രണ്ട് വനിതകള്‍ ഇന്ന് ചരിത്രം തിരുത്താനൊരുങ്ങുന്നത്. കേരളത്തിന് ചരിത്രത്തിലാദ്യമായി ഒരു ക്രിക്കറ്റ് കിരീടം സമ്മാനിച്ച അണ്ടര്‍-23 വനിതാ ടീമിന്റെ ക്യാപ്റ്റനും സീനിയര്‍ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സജന സജീവനും ഓള്‍റൗണ്ടര്‍ മിന്നു മണിയുമാണ് ചരിത്രത്തിലേക്ക് പാഡ് കെട്ടുന്ന രണ്ടുപേര്‍.
സീനിയര്‍ മത്സരങ്ങളില്‍ ഇന്ത്യയില്‍തന്നെ ആദ്യമായിരിക്കും ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ തന്നെ പറയുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരുടെയും പ്രകടന മികവിലാണ് കേരളത്തിന്റെ ഷോക്കേസിലേക്ക് ആദ്യമായി ഒരു ദേശീയ ക്രിക്കറ്റ് കിരീടമെത്തിയത്. ഈ മികവ് തന്നെയാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്താന്‍ പ്രചോദനമായതെന്നാണ് ഇവര്‍ ജഴ്സിയണിയുന്ന വയനാട് എക്സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ് അധികൃതര്‍ പറയുന്നത്. ഇന്ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും മത്സരിക്കാനിറങ്ങുന്നത്. മൂന്നു പേരാണ് എക്സിക്യൂട്ടീവ് ക്ലബിനായി ഇത്തവണ ലീഗില്‍ രജിസ്റ്റര്‍ ചെയ്ത വനിതകള്‍. സജ്നക്കും മിന്നുവിനും പുറമെ കേരളത്തിന്റെ ഭാവി വാഗ്ദാനമായ ഐ.വി ദൃശ്യയാണ് മറ്റൊരാള്‍. എന്നാല്‍ ദൃശ്യക്ക് ജൂനിയര്‍ സൗത്ത്സോണ്‍ ക്യാംപില്‍ പങ്കെടുക്കേണ്ടതിനാല്‍ ലീഗില്‍ മത്സരിക്കാന്‍ സാധിക്കില്ല. മറ്റു രണ്ടുപേരും സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗ്രൗണ്ടിലേക്കിറങ്ങുന്നത്.
സംസ്ഥാനത്തിന് അഭിമാന നേട്ടം കൈവരിച്ച ഇവരുടെ പോരാട്ട മികവിന് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് വനിതകളെ ടീമിലുള്‍പ്പെടുത്തിയതെന്ന് എക്സിക്യൂട്ടീവ് ക്ലബിന്റെ ഉടമ എ.ടി സജീര്‍ പറയുന്നു. തുടര്‍ച്ചയായി 20 വര്‍ഷത്തിലധികമായി വയനാട് എ ഡിവിഷന് ചാംപ്യന്മാരായ ക്ലബിനെ നയിക്കുന്നത് വയനാട് സീനിയര്‍ ടീം ക്യാപ്റ്റന്‍ കൂടിയായ റാഫി കല്ലിങ്കലാണ്.
ഓള്‍റൗണ്ടര്‍മാരായ സജനയും മിന്നുവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ടീം മാനേജ്മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."