മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക നല്‍കി
മലപ്പുറം: ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കാണ് പത്രിക നല്‍കിയത്. എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി കെ.ടി ജലീല്‍, എല്‍.ഡി.എഫ് നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, പി.പി വാസുദേവന്‍, പി.പി സുനീര്‍ എന്നിവരും സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്നു. എം.ബി ഫൈസലിന്റെ ഡെമ്മി സ്ഥാനാര്‍ഥിയായി മഞ്ചേരി സ്വദേശി ഐ.ടി നജീബ് നാമനിര്‍ദേശപത്രിക നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി രണ്ട് സെറ്റ് നാമനിര്‍ദേശ പത്രിക കൂടി ഇന്നലെ ലഭിച്ചു. നാളെ വൈകിട്ട് മൂന്നുവരെ പത്രിക നല്‍കാന്‍ അവസരമുണ്ട്. 24നാണ് സൂക്ഷ്മ പരിശോധന.
ബി.ജെ.പി സ്ഥാനാര്‍ഥിയെ
പിന്തുണയ്ക്കും: തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: മുന്നണിയില്‍ കൂടിയാലോചിക്കാതെ പ്രഖ്യാപിച്ച മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തിരുത്തി മകന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി നിശ്ചയിച്ച സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാനത്തെ എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ പറഞ്ഞു. മുന്നണിയ്ക്ക് പുറത്തുള്ള വ്യക്തിയായതിനാല്‍ അകത്ത് നടക്കുന്ന ചര്‍ച്ച കൃത്യമായി അറിയാത്തതുകൊണ്ടാകാം അദ്ദേഹം അങ്ങിനെ പ്രതികരിച്ചതെന്നും തുഷാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ അധ്യക്ഷസ്ഥാനങ്ങള്‍ നല്‍കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം പാലിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഇന്നലെ അമിത്ഷായുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താമെന്നും 15 ദിവസത്തിനുള്ളില്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും വിഭജിച്ചുനല്‍കാമെന്നും അമിത്ഷാ ഉറപ്പുനല്‍കിയതായി തുഷാര്‍ പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും അതിനായി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും തുഷാര്‍ പ്രതികരിച്ചു.
യു.ഡി.എഫിലേക്കില്ല, പിന്തുണ
കുഞ്ഞാലിക്കുട്ടിക്ക് മാത്രം: കെ.എം മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിന്തുണ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമെന്നും യു.ഡി.എഫിന് അല്ലെന്നും മുന്‍ ധനമന്ത്രി കെ.എം മാണി. യു.ഡി.എഫിലേക്ക് ക്ഷണിച്ചവരുടെ സന്മനസിനു നന്ദി. ശപിച്ചിട്ടായിരുന്നില്ല യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോന്നത്. മകന്‍ വീടുവിട്ടെന്നതു പോലെ ദുഃഖത്തോടെയായിരുന്നുവത്. യു.ഡി.എഫ് നന്നായി വരുന്നതില്‍ സന്തോഷമേയുള്ളൂ. തനിക്ക് വിരോധമില്ല. എന്നാല്‍ കേരള കോണ്‍ഗ്രസ് ഉടന്‍ തിരിച്ചുപോകില്ലെന്നും കെ.എം മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."