എഴുപത്തിയഞ്ചാം വയസിലും തുഴച്ചില്‍ സപര്യയാക്കി ജാനു
പെരിങ്ങത്തൂര്‍: വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തില്‍ കുടിവെള്ളത്തിനു പോലും പുറം ലോകത്തെ ആശ്രയിക്കേണ്ട സ്ഥിതി. അതും ദിവസവും രാവിലെ കിടഞ്ഞി പുഴയില്‍ തോണി തുഴഞ്ഞു വേണം അക്കരെയെത്താന്‍. എഴുപത്തിയഞ്ചാം വയസിലും ജാ നുവേടത്തിക്കു ജീവിതം ദുരിതമാണ്. ഇപ്പോള്‍ പാനൂര്‍ നഗരസഭയില്‍പ്പെട്ട പഴയ കരിയാട് പഞ്ചായത്തിന്റെ ഭാഗമായ കിടഞ്ഞി നടുത്തുരുത്തിയിലാണ് ജാനുവിന്റേതടക്കം രണ്ടു കുടുംബങ്ങള്‍ താമസിക്കുന്നത്. ദ്വീപ് പോലെ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് ഏക ആശ്രയമായ തകരാന്‍ പാകത്തിലുള്ള തോണി തുഴഞ്ഞാലേ ജാനുവിനും നാലു പെണ്‍മക്കള്‍ക്കും പുറംലോകത്തെത്താന്‍ കഴിയൂ. കോഴിക്കോട് ഏറാമല പഞ്ചായത്തിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലും ജാനു എല്ലാ ആവശ്യത്തി നും ആശ്രയിക്കുന്നതു കണ്ണൂര്‍ ജില്ലയിലെ കരിയാട്, കിടഞ്ഞി പ്രദേശങ്ങളെയാണ്. ദിവസവും രാവിലെയും വൈകുന്നേരവും ജാനു തോണിതുഴഞ്ഞ് ആഴമേറിയ പുഴയെ വകവയ്ക്കാതെ കരയ്‌ക്കെത്തി നിത്യോപയോഗ സാധനങ്ങളും കുടിവെള്ളവും ശേഖരിച്ചു കൊണ്ടുപോകും.
നിത്യരോഗിയായ മകള്‍ ബിന്ദുവിനു മരുന്നുവാങ്ങാനും കോഴിക്കോട് ഡോക്ടറെ കാണിക്കാന്‍ പോകാനും റോഡില്‍ എത്തണമെങ്കില്‍ ജാനുവിന് ആശ്രയം ഈ തോണി മാത്രമാണ്. മാസത്തില്‍ മൂവായിരത്തോളം രൂപ മരുന്നിനായി വേണ്ടിവരും. ഇരുപതുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ജാനുവും നാലു പെണ്‍മക്കളുമടങ്ങിയ ഈ കുടുംബം തുരുത്തില്‍ താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തുരുത്തില്‍ നിന്നുള്ള തേങ്ങ വിറ്റാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.
കാലവര്‍ഷം എത്തിയാല്‍ തുരുത്തിനു ചുറ്റും വെള്ളംകയറും. കവിഞ്ഞൊഴുകുന്ന പുഴയില്‍കൂടി തോണി തുഴയേണ്ടി വരുന്നതു വളരെ പ്രയാസമാണെന്നും പലപ്പോഴും ജീവന്‍ പണയംവച്ചാണു യാത്രയെന്നും ജാനു പറയുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ജാനുവിനു ജീവിതം തള്ളിനീക്കാന്‍ കുറച്ചു പണവും തകര്‍ച്ചയിലായ തോണിക്കു പകരം ചെറിയൊരു തോണിയും മാത്രമാണ് ഇപ്പോള്‍ വേണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ തുഴച്ചില്‍ ജീവിതചര്യയാക്കി ഇപ്പോഴും തുടരുകയാണു ജാനു. വാര്‍ധക്യത്തിന്റെ അവശതകളെല്ലാം ഈ ചുളിവുവന്ന കൈകള്‍ക്കൊണ്ടുള്ള തുഴച്ചിലില്‍ ഒലിച്ചുപോകും. കണ്ണടയും വരെ തോണി തുഴഞ്ഞേ പറ്റൂവെന്നു ജാനു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."