ഏനാത്ത് ബെയ്‌ലി പാലം ഏപ്രില്‍ പത്തിനകം യാത്രായോഗ്യമാക്കും: ജി. സുധാകരന്‍
പത്തനംതിട്ട: അടൂര്‍ ഏനാത്ത് ബെയ്‌ലി പാലം ഏപ്രില്‍ പത്തിനകം യാത്രായോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ഏനാത്ത് ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ അബട്ട്‌മെന്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. കല്ലടയാറിന്റെ ഏനാത്ത് ഭാഗത്തെ അബട്ട്‌മെന്റിന്റെ പണികള്‍ നടക്കുന്ന സ്ഥലത്തെത്തിയാണ് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തിയത്.
ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ പയലിങ് ഉള്‍പ്പടെയുള്ള പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ ബദല്‍ സംവിധാനം എന്ന നിലയില്‍ അനുബന്ധ റോഡുകള്‍ വിപുലീകരിച്ചു. ബെയ്‌ലി പാലം നിര്‍മിക്കുന്നതിന് ചുമതലയുള്ള മദ്രാസ് റെജിമന്റ് ഗ്രൂപ്പ് ആന്‍ഡ് സെന്‍ട്രല്‍ സെക്കന്തരാബാദില്‍ നിന്നുമുള്ള മേജര്‍ അനുഷ് കോശിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. ഡല്‍ഹി, സെക്കന്തരാബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നാണ് പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നത്. ഇവ എത്തിക്കഴിഞ്ഞാല്‍ പത്ത് ദിവസത്തിനകം പാലം പൂര്‍ത്തീകരിക്കാന്‍ കഴിയും. അബട്ട്‌മെന്റിന്റെ നിര്‍മാണം കെ.എസ്.ടി.പിയും പി.ഡബ്ല്യു.ഡിയും വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്ന് സേനാ ഉദ്യോഗസ്ഥര്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ പി.കെ. സതീശന്‍, ചീഫ് എന്‍ജിനീയര്‍ ജീവരാജ്, ഡിസൈനര്‍ സി.ഇ. സുന്ദരന്‍, എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ സജു, സുപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ദീപു തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."