ജുഡിഷ്യറിയാണ് പ്രതീക്ഷ
ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്ന ഉറപ്പുകള്‍ സംരക്ഷിക്കാന്‍ കാവല്‍ തീര്‍ക്കാന്‍ ജുഡിഷ്യറിക്ക് സാധിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.ആരോഗ്യകരമായ മത്സരവും ആശയപരമായ വാദപ്രതിവാദങ്ങളും നടക്കേണ്ട രാഷ്ട്രീയപ്രക്രിയയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് വിലകുറഞ്ഞ നാടകങ്ങളാണ്. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ഒരു പക്ഷം ശ്രമിക്കുമ്പോള്‍, അവര്‍ കൊഴിഞ്ഞുപോകാതിരിക്കാന്‍ മറുപക്ഷം പ്രയത്‌നിക്കുന്നു. മീന്‍ചന്തയിലെ രംഗങ്ങള്‍ രാഷ്ട്രീയത്തില്‍ കാണുമ്പോള്‍ മൂക്കില്‍ വിരല്‍വച്ചു നില്‍ക്കാനേ ജനത്തിനു കഴിയൂ. എം.എല്‍.എമാര്‍ക്കു 100മുതല്‍150 കോടി രൂപ വരെ വിലയിടുന്നുവത്രേ. ബെല്ലാരിയിലെ ഖനിമാഫിയയെ നയിക്കുന്ന ബി.ജെ.പി നേതാവ് ജനാര്‍ദന്‍ റെഡ്ഢി, റെയ്ച്ചൂരിലെ കോണ്‍ഗ്രസ് നിയമസഭാംഗത്തെ മന്ത്രിസ്ഥാനവും സമ്പത്തും വാഗ്ദാനം ചെയ്തു സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണം ഇന്നലെ മാധ്യമങ്ങളില്‍ വന്നു. അറപ്പു തോന്നിക്കുന്ന രാഷ്ട്രീയ കച്ചവടം ഇക്കാലമത്രയും നാം അഭിമാനത്തോടെ കൊണ്ടുനടന്ന ജനാധിപത്യ സങ്കല്‍പത്തെ തച്ചുതകര്‍ക്കുകയാണ്.
ഇവിടെ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമെങ്കിലും നല്‍കുന്നതു പരമോന്നത കോടതിയുടെ ഇടപെടലാണ്. ജുഡിഷ്യറിയില്‍ സമീപകാലത്തുണ്ടായ ചില പ്രതിസന്ധികള്‍ ഇത്തരം കേസുകളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തീരുമാനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന സംശയം പലരിലും ഉണര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ണാടക സംഭവവികാസങ്ങളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്താന്‍ പരമോന്നത കോടതിക്ക് ഇതുവരെയും കഴിഞ്ഞിട്ടുണ്ടെന്നതു പ്രത്യാശാജനകമാണ്. രാഷ്ട്രീയത്തില്‍ മാന്യതയും ജനാധിപത്യമര്യാദകളും ഇല്ലാതാവുമ്പോള്‍ ജുഡിറിയെങ്കിലുമുണ്ടാകണം ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും രക്ഷയ്ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."