ചില്‍ഡ്രന്‍സ് ഹോമില്‍ നാല് ഡോര്‍മെറ്ററികള്‍ കൂടി
കാക്കനാട്: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതും നിയമവുമായി പൊരുത്തപ്പെടാത്തതുമായ പെണ്‍കുട്ടികള്‍ക്കായി ജില്ലയില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നാല് ഡോര്‍മെറ്ററികളുടെ കൂടി നിര്‍മാണം പൂര്‍ത്തിയായി. 1.98 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. നാല് ഡോര്‍മിറ്ററികളിലായി 100 കിടക്കകളാണ് വര്‍ധിപ്പിച്ചത്. ടി.വി സ്‌പേസ്, പഠനമുറി, റിക്രിയേഷന്‍ റൂം, കരകൗശല വസ്തു നിര്‍മാണ മുറി എന്നിവയും നിര്‍മാണത്തിലുള്‍പ്പെടും. കൂടാതെ ലൈബ്രറി, കൗണ്‍സലിംഗ്‌റൂം, സൈക്കോളജിസ്റ്റ് റൂം, ഡോക്ടേഴ്‌സ് റൂം, സിക്ക് റൂം, ഭക്ഷണമുറി എന്നിവ നിലവിലുണ്ട്. പൂര്‍ണമായും ശിശു സൗഹൃദപരമായാണ് നിര്‍മ്മാണം. എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സിറ്റിങ് റൂമിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കമ്മറ്റിയുടെ സിറ്റിങ് റൂമും സന്ദര്‍ശന മുറിയുമാണ് ഇതില്‍ സജ്ജമാക്കിയിട്ടുള്ളത്. ദേശീയ തലത്തില്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ വിജയിച്ച സ്‌പെഷ്യല്‍ അത്‌ലറ്റ് ജ്യോതിക്ക് മന്ത്രി ഉപഹാരം നല്‍കി. ഹോമില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ചവരെ മന്ത്രി അനുമോദിച്ചു.
സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എം.പി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.ടി. ഓമന, കൗണ്‍സിലര്‍ നാസര്‍, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സൈന കെ.ബി, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിജി പി. തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."