ഡെങ്കിപ്പനി പടരുന്നു; മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
കാളികാവ്: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനി പടരുന്ന മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പിന് പുറമെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. കാളികാവ്, കരുവാരകുണ്ട്, ചോക്കാട് മേഖലകളിലാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഡെങ്കിപ്പനി കണ്ടെത്തിയ പൂങ്ങോട് മിച്ചഭൂമിയില്‍ ആരോഗ്യ വകുപ്പും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് പനി പടര്‍ന്ന മേഖലയിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. രോഗ വ്യാപനം തടയാനാണ് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ എടുക്കുന്നത്. തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളില്‍ തോട്ടം ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
കരുവാരകുണ്ട്, പുന്നക്കാട് ഭാഗങ്ങളില്‍ ഡെങ്കിപ്പനി ലക്ഷണമുള്ളവരും കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയെത്തുന്നത്. കൂടുതല്‍ പനി ബാധിതര്‍ ചികിത്സ തേടിയെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് ആശുത്രിയില്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നുണ്ട്. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു.
കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.നജീബ് ബാബു ഉദ്ഘാടനം ചെയ്തു. ആശുപത്രി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ജസീല വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജഗതീഷ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."