'ഓരോ പുഴയും പറയുന്നത്' പ്രദര്‍ശനം മാര്‍ച്ച് 31ന്
ദോഹ: പുഴയുടെ സമസ്ത ഭാവങ്ങളും ദൃശ്യവല്‍ക്കരിച്ച് പുഴയെ സ്‌നേഹിച്ച് ജീവിക്കുന്നവരുടെ കഥ പറയുന്ന 'ഓരോ പുഴയും പറയുന്നത്' എന്ന സിനിമ ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്നു. ചാലിയാര്‍ ദോഹയും കൂറ്റനാട് ജനകീയ കൂട്ടായ്മയും സംയുക്തമായാണ് ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ മാര്‍ച്ച് 31ന് ഉച്ചക്ക് 2.30 ന് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിനുശേഷം സിനിമാവലോകനവും നടനും സംവിധായകനുമായ അലിഫ് ഷായ്ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന എല്ലാ പുഴയുടേയും അനുഭവ കഥയാണ് 'ഓരോ പുഴയും പറയുന്നത്'. പുഴ നശിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കേവലം ഒരു നീരൊഴുക്കല്ല ഒരു സംസ്‌കാരം തന്നെയാണ് എന്ന പ്രമേയമാണ് സംവിധായകനും നടനും എഴുത്തുകാരനുമായ അലിഫ് ഷാ ഈ ചിത്രത്തിലൂടെ പറഞ്ഞു വെക്കുന്നത്. അലിഫ് ഷാ, ലത്തീഫ് കുറ്റിപ്പുറം, അബു വളയംകുളം തുടങ്ങിയവരോടൊപ്പം ഖത്തര്‍ പ്രവാസിയായ ഷമീര്‍ ടി.കെ. ഹസനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
'തൃത്താലപ്പെരുമ' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ മുതല്‍ മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ സിനിമ ഇപ്പോള്‍ കേരളമെങ്ങും നദീതീരങ്ങളില്‍ പൊതുപ്രദര്‍ശനം നടത്തി വരികയാണ്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായ മേധാ പട്കര്‍, ദയാബായ് തുടങ്ങിയവരാണ് ഓരോ സ്ഥലത്തും പ്രദര്‍ശന പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 24 ന് ദുബായിലും അബൂദാബിയിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ ഹോങ്കോങ്, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."