ശുകൂര്‍ വധം: സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : അരിയില്‍ ശുകൂര്‍ വധക്കേസിലെ സി.ബി.ഐയുടെ തുടരന്വേഷണം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തു. ഈ കേസില്‍ സി.ബി.ഐ തുടരന്വേഷണം നടത്തണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരേ പ്രതികളായ പി.ജയരാജന്‍, ടി.വി.രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ നല്‍കിയ അപ്പീലില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
2012 ഫെബ്രുവരി 20നാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ശുകൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിനുനേരെ ആക്രമണം നടത്തിയെന്നാരോപിച്ച് ശുകൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണു കേസ്. ആക്രമണത്തെ തുടര്‍ന്ന് ജയരാജനും ടി.വി.രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ ശുകൂറിനെ പിടികൂടിയ സി.പി.എം പ്രവര്‍ത്തകര്‍ ഇയാളുടെ ചിത്രമെടുത്ത്, ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന നേതാക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ അയച്ചുകൊടുത്ത് ആളെ ഉറപ്പു വരുത്തി. തുടര്‍ന്ന് കീഴറയിലെ ഒരു പാടത്തിട്ട് കുത്തിക്കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഹൈക്കോടതിയില്‍ ഇന്നലെ അപ്പീല്‍ പരിഗണിക്കവെ അന്വേഷണം സി.ബി.ഐയ്ക്കു വിടുന്നതിന് സുപ്രിം കോടതി പറഞ്ഞിട്ടുള്ള കാരണങ്ങളില്‍ ഒന്നുപോലും സാധൂകരിക്കുന്ന കേസല്ല ഇതെന്നായിരുന്നു പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. എം.കെ.ദാമോദരന്റെ വാദം. ജയരാജനും ടി.വി രാജേഷിനുമെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്ന സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശം സി.ബി.ഐയെ സ്വാധീനിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി സി.ബി.ഐയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് തുടരന്വേഷണം സി.ബി.ഐയ്ക്കു വിട്ടത് ന്യായമല്ലെന്നു വാദിച്ചു. ഈ കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് പങ്കുള്ളതിനാല്‍ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പി നല്‍കിയ ശുപാര്‍ശ. ഈ ശുപാര്‍ശ കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐയോടു തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇതല്ലാതെ അന്വേഷണം സി.ബി.ഐയ്ക്കു വിടാനുള്ള ശുപാര്‍ശയ്ക്ക് മറ്റു കാരണമുണ്ടോയെന്ന് ആരാഞ്ഞെങ്കിലും ഒന്നുമില്ലെന്നാണ് പൊലിസ് മറുപടി നല്‍കിയതെന്നും ഡി.ജി.പിയുടെ ശുപാര്‍ശ സി.ബി.ഐ അന്വേഷണത്തിന് മതിയായ കാരണമല്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."