ഡൊണാള്‍ഡ് ട്രംപും ഇസ്്‌ലാമോഫോബിയയും
ഭരണഘടനയുടെ അപ്രമാദിത്വവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ മതവിശ്വാസത്തിന്റെ പേരില്‍ സംശയത്തോടെയും ഭീതിയോടെയും ജീവിക്കേണ്ട രാഷ്ട്രീയ,സാമൂഹികചുറ്റുപാടിലാണ് ഇസ്‌ലാമിക സമൂഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ആക്കം കൂട്ടിയിരിക്കുകയാണു ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്‌ലാംവിരുദ്ധ പ്രസ്താവനകളും നടപടികളും. ആറു മുസ്്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കുന്ന എക്‌സിക്യൂട്ടിവ് ഉത്തരവിനെ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയും തീവ്രവാദവിരുദ്ധ നിലപാടുമായി മാത്രം ബന്ധപ്പെടുത്തുന്നതു ശരിയല്ല.
തെരഞ്ഞെടുപ്പു പ്രചാരണകാലത്തും അതിനു മുന്‍പും ട്രംപ് ഉയര്‍ത്തിയ കടുത്ത ഇസ്്്‌ലാംവിരുദ്ധ സമീപനങ്ങളും മുസ്്്‌ലിം ഐഡന്റിറ്റിയോടുള്ള വെറുപ്പും ഭയവും ഇതുമായി കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.
സപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിനുശേഷം സംശയത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ മുസ്്‌ലിംസമൂഹം ട്രംപിന്റെ സ്ഥാനാരോഹണശേഷം കടുത്ത അവകാശനിഷേധങ്ങളിലേക്കാണു തള്ളിമാറ്റപ്പെടുന്നത്. ട്രംപ് അധികാരമേറ്റ അന്നുതന്നെ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ ബ്രൂക്‌ലൈന്‍ കാംപസിനടുത്ത മുസ്‌ലിംപള്ളി തച്ചുടയ്ക്കപ്പെട്ടു. പള്ളിയുടെ മുന്‍വാതിലില്‍ 'ട്രംപ്' എന്ന് എഴുതിവച്ചു. ഇതു നിസ്സാര സംഭവമായി രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നില്ല.
ട്രംപ് അധികാരമേല്‍ക്കുന്നതിനു മുന്‍പുതന്നെ ഇസ്്‌ലാംപേടി (ഇസ്്‌ലാമോഫോബിയ) അമേരിക്കയില്‍ സജീവമായിരുന്നു. ട്രംപിന്റെ വരവോടെ അതു ഭരണതലത്തിലെ പ്രധാന അജന്‍ഡയായി. ഭീകരാക്രമണമെന്നു കേള്‍ക്കുമ്പോള്‍ മുസ്‌ലിംകളെ മുഴുവന്‍ തീവ്രവാദികളെന്നു സംശയിക്കുന്ന ഭ്രാന്തന്‍സമീപനങ്ങളും ഇസ്്‌ലാമോഫോബിയയുടെ ഭാഗമാണ്.
സപ്തംബര്‍ 11ലെ ആക്രമണശേഷം അന്നത്തെ പ്രസിഡന്റ് ബുഷ് ചെയ്ത പ്രസംഗം ട്രംപിനു ഗുണപാഠവും മാര്‍ഗനിര്‍ദേശവുമാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും തീവ്രവാദികള്‍ ഇസ്‌ലാമിന്റെ മുഖമോ ആദര്‍ശമോ അല്ലെന്നുമായിരുന്നു അത്. അതിനുശേഷമാണ് അമേരിക്കയില്‍ മുസ്‌ലിംകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിച്ചത്. സാന്‍ബെര്‍നാര്‍ഡിനോ ആക്രമണശേഷം ഒബാമ ചെയ്ത പക്വമായ പ്രസ്താവനയും ബഹുസ്വര-മതേതരത്വമൂല്യങ്ങളെയാണു വെളിവാക്കുന്നത്. ട്രംപിന്റെ വരവോടെ വര്‍ഗവെറിയും ഇസ്്‌ലാമോഫോബിയയും മറനീക്കി പുറത്തുവന്നു.
സാമ്രാജ്യത്വത്തിന്റെയും എണ്ണരാഷ്ട്രീയത്തിന്റെയും മറവില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റങ്ങളെ ഇസ്‌ലാമിനെതിരേയുള്ള ആക്രമണങ്ങളായി ചരിത്രത്തിലെവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ഇന്ന് ഇറാന്റെ ആണവ കരാറിനെതിരേയും അവരുമായി മറ്റു രാഷ്ട്രങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യാപാരകരാറുകളെയും അമേരിക്ക എതിര്‍ക്കുന്നതു സാമ്പത്തിക താല്‍പര്യങ്ങള്‍ക്കൊപ്പം ഇസ്‌ലാംവിരുദ്ധ നടപടിയുടെ ഭാഗമായും കൂട്ടിവായിക്കപ്പെടും. ഇസ്‌ലാമിക രാജ്യങ്ങളിലെവിടെയെങ്കിലും ഇനി അമേരിക്ക ക്രോസ് ബോര്‍ഡര്‍ ആക്രമണങ്ങളിലേര്‍പ്പെട്ടാല്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മാത്രമേ അത്തരത്തിലുള്ള അക്രമങ്ങളെ കാണാന്‍ കഴിയുകയുള്ളൂ.
സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരാനിടയുള്ള സമരമുറകളെ അസാധ്യമാക്കാനുള്ള ആസൂത്രിതമായ സിദ്ധാന്തമായിരുന്നു സാമുവല്‍ പി. ഹണ്ടിങ്ഗട്ടന്റെ 'നാഗരികതയുടെ സംഘട്ടന'മെന്ന ആശയം. അത്തരത്തിലുള്ള ഭ്രാന്തന്‍ ആശയത്തെ ഇസ്‌ലാമോഫോബിയയിലൂടെ നിലനിര്‍ത്താനും ആഗോളതലത്തില്‍ ഇസ്്‌ലാമിനെതിരേ തെറ്റായ സന്ദേശം നല്‍കാനുമാണു ട്രംപ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇസ്‌ലാമോഫോബിയയുടെ ഭാഗമായി ഒരുവശത്തു മുസ്‌ലിം സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ സിയോണിസം മറുവശത്ത് ശക്തിപ്പെടുന്നതും ശ്രദ്ധേയമാണ്. കൈയേറ്റഭൂമിയില്‍ ഇസ്‌റഈല്‍ നിര്‍മിക്കുന്ന അനധികൃത നിര്‍മാണങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നതും അമേരിക്കയുടെ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്കു മാറ്റാനുള്ള തീരുമാനവും ഫലസ്തീന്‍ ജനതയോടുള്ള ട്രംപിന്റെ വെല്ലുവിളിയായാണു വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രരാഷ്ട്രമെന്ന എക്കാലത്തെയും ഫലസ്തീന്റെ മോഹമാണ് ട്രംപിന്റെ വരവോടെ പൊലിഞ്ഞിരിക്കുന്നത്.
സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് എന്ന സംഘടനയ്ക്ക് ഇസ്‌ലാംവിരുദ്ധത പ്രചരിപ്പിക്കാനും പൊതുസമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 42 മില്യന്‍ അമേരിക്കന്‍ ഡോളറാണു ലഭിച്ചത്. ശരീഅത്ത് നിയമങ്ങളെ നാസിസവും ഫാസിസവും കമ്മ്യൂണിസവും പോലെ ഉപമിക്കുകയും ശരീഅത്ത് നിയമങ്ങളെ പൊതുവിരുദ്ധ പ്ലാറ്റ്‌ഫോമില്‍ നിലനിര്‍ത്താനുമുള്ള ശ്രമങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്.
പള്ളികള്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ പള്ളികളില്‍ ഗവ. ഇന്‍ഫോര്‍മര്‍മാരെ നിയമിക്കുകയോ ചെയ്യണമെന്ന വാദവും അമേരിക്കയില്‍ ശക്തമാണ്. പള്ളികളെ നിരീക്ഷിക്കാനും പുതിയ പള്ളികള്‍ക്ക് അനുമതി നിഷേധിക്കാനും ശ്രമം നടക്കുന്നു. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ അമേരിക്കന്‍ പൊതുഇടങ്ങളില്‍ അവഹേളിക്കപ്പെടുന്ന അവസ്ഥയും വിരളമല്ല. മുസ്്‌ലിം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയും ആഫ്രിക്കന്‍ അമേരിക്കന്‍ നീഗ്രോകളോടുള്ള വിവേചനവും വര്‍ധിച്ചുവരുകയാണ്.
ഇസ്്‌ലാം വിരുദ്ധ ബ്ലോഗുകളില്‍ ഇസ്‌ലാം നാസികളെന്നാണ് വിശേഷണം. ബ്ലോഗുകള്‍, വാഷിങ്ടണ്‍ ടൈംസ്, നാഷനല്‍ റിവ്യൂ മാഗസിന്‍, റേഡിയോകള്‍, ലഘുലേഖകള്‍ തുടങ്ങി മാധ്യമശൃംഖലകള്‍ ഇസ്്‌ലാമോഫോബിയ വളര്‍ത്താന്‍ ബോധപൂര്‍വ ശ്രമങ്ങളാണ് നടത്തുന്നത്. ഫ്രണ്ട് പേജ്, ജിഹാദ് വാച്ച്, ന്യൂസ് റീല്‍ തുടങ്ങിയ ബ്ലോഗുകളിലൂടെ വിഷം തുപ്പുന്ന പരാമര്‍ശങ്ങളാണു പടച്ചുവിടുന്നത്.
ഇസ്്‌ലാം വിരുദ്ധ സമീപനങ്ങള്‍ ട്രംപ് ശക്തമാക്കുമ്പോള്‍ ഭരണഘടനാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനു ഫെഡറല്‍ കോടതി വഹിക്കുന്ന പങ്കും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനാധിപത്യ ഇടപെടലുകളും നിഷ്പക്ഷമതികളായ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും മുസ്്‌ലിംകള്‍ക്കു പ്രതീക്ഷ നല്‍കുന്നു. മുസ്്‌ലിംകള്‍ പൊതുസമൂഹവുമായി ആഴത്തിലുള്ള സൗഹൃദബന്ധം പുനഃസ്ഥാപിക്കുകയും തെറ്റിദ്ധാരണകളുണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."