കാവാലത്തിന് അന്ത്യപ്രണാമം
തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കര്‍ക്ക് തലസ്ഥാനത്തിന്റെ അന്ത്യപ്രണാമം. ഞായറാഴ്ച അന്തരിച്ച നാടകാചാര്യനും കവിയുമായിരുന്ന കാവാലം നാരായണ പണിക്കരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കാവാലത്തെ വസതിയില്‍ നടക്കും. തിരുവനന്തപുരത്ത് നിന്ന് കാവാലത്ത് എത്തിക്കുന്ന ഭൗതികശരീരം രാവിലെ ഏഴുമണി മുതല്‍ തറവാട് വീടായ 'ചാലയില്‍' പൊതുദര്‍ശനത്തിനുവയ്ക്കും. ജന്മനാടിന്റെ ആദരം അര്‍പ്പിച്ച ശേഷം ഔദ്യോഗിക ബഹമതികളോടെയാണ് സംസ്‌കാരം. ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് കാവാലത്തിന്റെ നാടകക്കളരിയായ സോപാനത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കലാ സാംസ്‌കാരിക സിനിമാ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തനത് നാടക വേദിയിലൂടെ മലയാളിയുടെ ജീവിതത്തെയും സംസ്‌കാരത്തെയും അന്തര്‍ദേശീയ തലത്തിലെത്തിച്ച കാവാലത്തിന് വികാരനിര്‍ഭരമായ വിടവാങ്ങലാണ് തലസ്ഥാനം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ ബാലന്‍, പ്രൊഫ.സി രവീന്ദ്രനാഥ്, മുന്‍മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, കെ.സി ജോസഫ്, എം.പിമാരായ ഡോ. ശശിതരൂര്‍, സുരേഷ്‌ഗോപി, സംവിധായകന്‍ ശ്യാമപ്രസാദ്, എം.എല്‍.മാരായ ഒ. രാജഗോപാല്‍ എം മുകേഷ് , വി.ഡി സതീശന്‍, കെ.എസ് ശബരിനാഥ് എന്നിവരും സൂര്യാകൃഷ്ണമൂര്‍ത്തി, പെരുമ്പാവൂര്‍.ജി. രവീന്ദ്രനാഥ്, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ ഇസ്മായില്‍, ഡി.ബാബുപോള്‍, വി.മുരളീധരന്‍, എം.എ ബേബി, വി.സുരേന്ദ്രന്‍പിള്ള , നെടുമുടി വേണു, ഗായകന്‍ എം.ജി ശ്രീകുമാര്‍ തുടങ്ങി സമുഹത്തിന്റെ നാനതുറകളില്‍പ്പെട്ടവര്‍ സോപാനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കാവാലത്തിന്റെ സൃഷ്ടികള്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താനാകുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലയാളിയുടെ ആസ്വാദന ബോധത്തെ സംസ്‌കാരത്തോട് ചേര്‍ത്തുനിര്‍ത്തിയ പ്രതിഭയായിരുന്നു കാവാലമെന്ന് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
നാടകവും കവിതയുമായി കാലാതിവര്‍ത്തിയായ കാവാലം ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാസാംസ്‌കാരിക രംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ കാവാലത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സി.പി.എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ കാവാലത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരത്തു നിന്നും കാവാലത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനം പുറപ്പെടുക.
ഏഴുമണിയോടെ കാവാലത്തെ വസതിയില്‍ എത്തിച്ചേരും. നാലുമണിവരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വസതിയില്‍ സൗകര്യമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."